ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്‌ത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല, യുദ്ധസമയത്തും രാജ്യത്തെ നയിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ പങ്കിനെക്കുറിച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പരാമർശം.
സായുധ സേനയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്‍റെ സെമിനാറിൽ പ്രസംഗിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
സൈന്യത്തില്‍ ഇന്ത്യൻ സ്ത്രീകളുടെ പങ്ക്
രാജ്യത്തിന്‍റെ വികസനത്തിന് സ്‌ത്രീകളുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യക്ക് മികച്ച അനുഭവമുണ്ടെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് റാണി ലക്ഷ്‌മി ഭായി, മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീൽ എന്നിവരെ കുറിച്ചും പ്രസംഗത്തിൽ സൂചിപ്പിച്ചു.
സായുധ സേനയിലെ സ്‌ത്രീകളുടെ പങ്ക് ചർച്ച ചെയ്യുന്നത് ന്യായമാണെന്നും സുരക്ഷയുടെയും രാഷ്‌ട്ര നിർമാണത്തിന്‍റെയും മേഖലകളിലും അവരുടെ പങ്കും സംഭാവനയും അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും സിങ് പറഞ്ഞു.
സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന്‍റെ കാര്യത്തിൽ മുൻകൈയെടുക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന പറഞ്ഞ സിങ് സ്ഥിരമായ ദൗത്യങ്ങൾക്കായി ഇപ്പോൾ സ്‌ത്രീകളെ സ്വീകരിക്കുന്നുണ്ടെന്നും ഭാവിയിൽ ആർമി യൂണിറ്റുകളിലും ബറ്റാലിയനുകളിലും സ്ത്രീകളെ നിയമിക്കുമെന്നും അറിയിച്ചു.
അടുത്ത വർഷം മുതൽ സ്‌ത്രീകൾക്ക് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പരിശീലനത്തിന് ചേരാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
കരസേനയിലെ മിലിട്ടറി പൊലീസിൽ സ്ത്രീകളെ ഉൾപ്പെടുത്തിയത് നാഴികക്കല്ലായി വിവരിച്ച പ്രതിരോധ മന്ത്രി പൊലീസ്, സെൻട്രൽ പൊലീസ്, അർദ്ധ സൈനിക, സായുധ സേന വിഭാഗങ്ങളിൽ സ്‌ത്രീകളെ ഉൾപ്പെടുത്തുന്നതിലുള്ള ഇന്ത്യയുടെ സമീപനം പുരോഗമനപരമാണെന്നും പറഞ്ഞു.
നാവികസേനയിലെ സ്‌ത്രീകളുടെ പങ്കിനെ കുറിച്ച് പരാമർശിച്ച സിങ് 1993ലെ എയർ ട്രാഫിക് കൺട്രോളിന്‍റെ തുടക്കത്തിൽ ഉദ്യോഗസ്ഥരായാണ് സ്ത്രീകൾ നിയമിക്കപ്പെട്ടതെങ്കിൽ 2016 ആയപ്പോഴേക്കും സ്ത്രീകൾ സമുദ്ര നിരീക്ഷണ വിമാനത്തിന്‍റെ പൈലറ്റുമാരായെന്നും കഴിഞ്ഞ വർഷം മുതൽ യുദ്ധക്കപ്പലുകളിലും സ്‌ത്രീകൾ സാന്നിധ്യമറിയിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.