സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്‍റെ (Superstar Rajinikanth) ഏറ്റവും പുതിയ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ജയിലറുടെ' (Jailer) ഉജ്ജ്വല വിജയം ആഘോഷിക്കുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ വിജയത്തെ തുടര്‍ന്ന് 'ജയിലര്‍' നിര്‍മാതാക്കള്‍ രജനികാന്തിന് ബോണസ് തുകയും, ആഡംബര വാഹനവും സമ്മാനിച്ചത് വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ 'ജയിലര്‍' ആഘോഷങ്ങള്‍ ഒരുപടി കൂടി മുന്നോട്ട് കടക്കുകയാണ്. 'ജയിലർ' നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന്‍റെ ആഭിമുഖ്യത്തിൽ, സിനിമയില്‍ പ്രവര്‍ത്തിച്ച 300ലധികം പേര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ്. 'ജയിലര്‍' എന്ന് ആലേഖനം ചെയ്‌തിട്ടുള്ള സ്വര്‍ണ നാണയങ്ങളാണ് 'ജയിലര്‍' ടീം അംഗങ്ങള്‍ക്ക് നിര്‍മാതാവ് സമ്മാനിച്ചത്.
Also Read:Rajinikanth becomes Indias highest paid actor 'ജയിലറെ' വെല്ലാന്‍ ഇന്ത്യയില്‍ മറ്റൊരാളില്ല..!; രജനികാന്തിന്‍റെ പ്രതിഫലം 210 കോടി
ഇതിന്‍റെ വീഡിയോ സണ്‍ പിക്‌ചേഴ്‌സും ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലയും എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. 'ജയിലറിന് വേണ്ടി പ്രവർത്തിച്ച 300ലധികം പേർക്ക് സ്വർണ്ണ നാണയങ്ങൾ നൽകി കലാനിധി മാരൻ ആദരിച്ചു.' -സണ്‍ പിക്‌ചേഴ്‌സ് കുറിച്ചു. അതേസമയം ടീം അംഗങ്ങള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ നിമിഷങ്ങള്‍ വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യും.
നെൽസൺ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 10നാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമയുടെ അത്‌ഭുത നേട്ടത്തില്‍ രജനികാന്തിന് പുറമെ, സംവിധായകൻ നെൽസൺ ദിലീപ്‌കുമാറിനും, സംഗീത സംവിധായകൻ അനിരുദ്ധിനും ചെക്കും ആഡംബര കാറും നിര്‍മാതാക്കള്‍ സമ്മാനമായി നൽകിയിരുന്നു.
Also Read:Jailer Box Office Collection Day 24 : നാലാം ശനിയില്‍ 38% വളര്‍ച്ച ; 24-ാം ദിനത്തില്‍ 'വിക്ര'ത്തിന്‍റെ റെക്കോര്‍ഡ് മറികടന്ന് ജയിലര്‍
ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറായി എത്തിയ ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലനായത് മലയാളി താരം വിനായകനാണ്. രജനികാന്തിന്‍റെ ഭാര്യയായി രമ്യ കൃഷ്‌ണനും വേഷമിട്ടു. മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ്, ശിവരാജ്‌കുമാര്‍, തമന്ന എന്നിവര്‍ അതിഥി വേഷങ്ങളിലും ചിത്രത്തില്‍ എത്തി. കൂടാതെ യോഗി ബാബു, വസന്ത് രവി, മിർണ മേനോൻ, സുനിൽ എന്നിവരും സിനിമയില്‍ അഭിനയിച്ചു.
പ്രദര്‍ശന ദിനം മുതല്‍ തിയേറ്ററുകളില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയ 'ജയിലര്‍', അതിന്‍റെ 29-ാം ദിനത്തില്‍ ആഗോളതലത്തില്‍ 610 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രം എന്ന റെക്കോഡും 'ജയിലര്‍' സ്വന്തമാക്കി. കൂടാതെ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടവും 'ജയിലര്‍' സ്വന്തമാക്കി.
റിലീസ് ചെയ്‌ത് ഒരു മാസത്തോടടുത്തപ്പോള്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും ലഭ്യമായി (Jailer OTT release). സെപ്‌റ്റംബര്‍ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമില്‍ 'ജയിലര്‍' സ്‌ട്രീമിങ് ആരംഭിച്ചു (Jailer on Amazon Prime).
Also Read:Rajinikanth Jailer Gets OTT Release ബോക്‌സോഫിസ് വിജയത്തിന് ശേഷം ജയിലര്‍ ഒടിടിയില്‍; റിലീസ് തീയതി പുറത്ത്