ദുബായ്: ടി20 ക്രിക്കറ്റ് അങ്ങനെയാണ്. ജയമുറപ്പിക്കണമെങ്കില്‍ അവസാന പന്തും എറിയണം. ചിലപ്പോൾ, ജയിച്ചുവെന്ന് കരുതുന്ന മത്സരം കൈവിട്ടുപോകാൻ ഒന്നോ രണ്ടോ പന്തുകൾ മാത്രം മതിയാകും.
ഇന്നലെ ദുബായ് ഇന്‍റർനാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നത് ടി 20 ക്രിക്കറ്റിലെ ഏറ്റവും വലിയ ട്വിസ്റ്റ്. ജയിച്ചെന്ന് ഉറപ്പിച്ച മത്സരം പഞ്ചാബ് കിംഗ്‌സ് കൈവിട്ടപ്പോൾ കാർത്തിക് ത്യാഗി എന്ന യുവ ഇന്ത്യൻ പേസറുടെ അവസാന ഓവർ മികവില്‍ രാജസ്ഥാൻ റോയല്‍സിന് രണ്ട് റൺസിന്‍റെ അപ്രതീക്ഷിത (അവിശ്വസനീയ) വിജയം. ഇതോടെ രാജസ്ഥാൻ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ടുപോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.
ഒറ്റ രാത്രി, ഒരു ഓവർ, സൂപ്പർ ഹീറോയായി ത്യാഗി
ഇന്നലെ ബാറ്റ്‌സ്‌മാൻമാരുടെ പറുദീസയായി മാറിയ ദുബായില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറില്‍ 185 റൺസിന് പുറത്തായിരുന്നു. പഞ്ചാബിന് 20 ഓവർ പൂർത്തിയാപ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
18 ഓവർ പൂർത്തിയാകും വരെ പഞ്ചാബ് വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ 19-ാം ഓവർ എറിഞ്ഞ ബംഗ്ലാദേശ് പേസർ മുസ്‌തഫിസുർ റഹ്‌മാനും കാർത്തിക് ത്യാഗിയും ചേർന്നാണ് മത്സരം അവിശ്വസനീയമായി രാജസ്ഥാന് അനുകൂലമായി മാറ്റിയത്. 19-ാം ഓവറില്‍ മുസ്‌തഫിസുർ റഹ്‌മാൻ നാല് റൺസ് മാത്രം വിട്ടുകൊടുത്തപ്പോൾ 20-ാം ഓവറില്‍ എട്ടുവിക്കറ്റ് ശേഷിക്കെ നാല് റൺസ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്.
ക്രീസിലുണ്ടായിരുന്നത് വെടിക്കെട്ട് വീരൻമാരായ എയ്‌ഡൻ മർക്രവും നിക്കോളാസ് പുരാനും. എന്നാല്‍ ഓവറിലെ ആദ്യ പന്ത് ഡോട്ട് ബോളാക്കിയ ത്യാഗി അടുത്ത പന്തില്‍ ഒരു റൺ വഴങ്ങി. പഞ്ചാബിന് വിജയത്തിലേക്ക് വേണ്ടത് നാല് പന്തില്‍ മൂന്ന് റൺസ്.
അടുത്ത പന്തില്‍ നിക്കോളാസ് പുരാനെ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച ത്യാഗി മത്സരം രാജസ്ഥാന് അനുകൂലമാക്കി. പകരമെത്തിയ ദീപക് ഹൂഡയെ സാക്ഷിയാക്കി നാലാം പന്തും ത്യാഗി ഡോട്ട് ബോളാക്കി. അടുത്ത പന്തില്‍ ഹൂഡയെ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച ത്യാഗി വീണ്ടും ഞെട്ടിച്ചു.