ഉദയ്‌പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചൂടേറിയ പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു ഉദയ് പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യലാല്‍ സാഹു കൊലചെയ്യപ്പെട്ട സംഭവം. ഉദയ് പൂര്‍ മണ്ഡലത്തില്‍ കനയ്യലാലിന്‍റെ രണ്ട് മക്കളും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി. ഇരുവര്‍ക്കും ഇത് കന്നി വോട്ടായിരുന്നു. ഉദയ് പൂരിലെ ഗോവര്‍ധന്‍ വിലാസ് ഗവണ്‍മെന്‍റ് സകൂളിലായിരുന്നു ഇരുവര്‍ക്കും വോട്ട്.
പിതാവിന്‍റെ കൊലപാതകം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെങ്കിലും കൊലയാളികള്‍ക്ക് ശിക്ഷ വൈകുന്നതില്‍ കനയ്യലാലിന്‍റെ കുടുംബവും അതൃപ്‌തി രേഖപ്പെടുത്തി. പിതാവ് കൊല്ലപ്പെട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് കനയ്യലാലിന്‍റെ മൂത്ത മകന്‍ യശ് പറഞ്ഞു. "തെരഞ്ഞെടുപ്പില്‍ ആര് ഭരണത്തിലേറിയാലും ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കണം.ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസ് നടത്തി കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. " ദുഖകരമായ ഈ സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനു പകരം കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഏറെ ആശ്വാസമാകുമായിരുന്നുവെന്നും യശ് പ്രതികരിച്ചു. കൊലപാതകികള്‍ക്ക് വധ ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്ന് ഇളയമകന്‍ തരുണ്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് തയ്യല്‍ക്കടയിലെത്തിയ ഘാതകര്‍ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ക്രൂരകൃത്യത്തിന്‍റെ വീഡിയോദൃശ്യം പ്രചരിപ്പിക്കുകയായിരുന്നു.ആഗോള തലത്തില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും ഇടയാക്കിയ സംഭവം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ തോതില്‍ ചര്‍ച്ചയാക്കിയിരുന്നു.
അതേ സമയം നിയമസഭയിലെ 199 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാജസ്ഥാനില്‍ ആവേശ പൂര്‍വ്വം പുരോഗമിക്കുകയാണ്. രാവിലെ ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. ഭരണ കക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്തിരിക്കുന്ന ബിജെപിയും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് രാജസ്ഥാനില്‍ നടക്കുന്നത്.