ജയ്‌പൂർ: രാജസ്ഥാനിൽ കൊവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുമ്പോൾ പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. വൈറസ് പടരാതിരിക്കാനും മരണം കുറയ്‌ക്കാനും പ്രതിരോധ കുത്തിവയ്പ്പിന്‍റെ വേഗത വർധിപ്പിക്കണം. സംസ്ഥാനത്ത് വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ പകർച്ചവ്യാധി അതിവേഗം പടർന്നു പിടിക്കുന്നു. വാക്സിനേഷൻ ഡ്രൈവിനെക്കുറിച്ച് ഗ്രാമപ്രദേശങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികൾ നടത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. രോഗം വ്യാപിക്കുന്നത് തടയുകയും രോഗബാധിതർക്ക് അടിയന്തര ചികിത്സ നൽകുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ നഗരങ്ങളിൽ എത്തുമ്പോഴേക്കും ചികിത്സ കിട്ടാൻ വൈകിയിരിക്കും. ഇത്തരം സാഹചര്യത്തിൽ വീടുകൾതോറും സർവേയും മെഡിസിൻ കിറ്റുകൾ വിതരണം നടത്തണമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു. ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.