ജയ്‌പൂർ : രാജസ്ഥാനിൽ ആശുപത്രിയിൽ നവജാതശിശുക്കളെ മാറിയ സംഭവത്തിൽ കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. ജയ്‌പൂരിലെ സങ്കനേരി ഗേറ്റിലുള്ള സ്ത്രീകളുടെ ആശുപത്രിയിലാണ് ഡോക്‌ടർമാർ തെറ്റായ ടാഗ് നൽകിയതിനെ തുടർന്ന് കുട്ടികളെ മാറിനൽകിയത്.
ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് നിഷ എന്ന സ്ത്രീ ആൺകുഞ്ഞിനും രേഷ്‌മ എന്ന സ്ത്രീ പെൺകുഞ്ഞിനുമാണ് ജന്മം നൽകിയത്. എന്നാൽ തെറ്റായ ടാഗ് നൽകിയതിനെ തുടർന്ന് കുഞ്ഞുങ്ങളെ പരസ്‌പരം മാറിയാണ് ബന്ധുക്കൾക്ക് നൽകിയത്. മൂന്ന് ദിവസത്തിന് ശേഷം അബദ്ധം മനസിലായ ആശുപത്രി അധികൃതർ ഇരുകുടുംബങ്ങളെയും വിവരമറിയിച്ചു.
എന്നാൽ രേഷ്‌മയുടെ കുടുംബം പെൺകുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. നിലവിൽ രണ്ട് കുഞ്ഞുങ്ങളെയും ആശുപത്രിയില്‍ പരിചരിച്ചുവരികയാണ്. ആറ് ഡോക്‌ടർമാരടങ്ങുന്ന സംഘം കുട്ടികളെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഡിഎൻഎ പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ കുട്ടികളെയും അമ്മമാരെയും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യുകയുള്ളൂ. ഇത് മാനുഷികമായ അബദ്ധമാണെന്നും കുട്ടികൾ മാറിയ കാര്യം ആശുപത്രി അധികൃതർ തന്നെയാണ് കണ്ടുപിടിച്ചതെന്നും സൂപ്രണ്ട് ആശ വർമ ന്യായീകരിച്ചു.
ദിവസവും 50 മുതൽ 60 വരെ പ്രസവങ്ങൾ ആശുപത്രിയിൽ നടക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ്. ഇനി ഇത്തരം തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശ വർമ വ്യക്തമാക്കി.