ന്യൂഡൽഹി : അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാരിനെതിരായി സമരപ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് പാര്‍ട്ടിയുടെ അന്ത്യശാസനം. ബിജെപി മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ ഗെലോട്ട് നേരത്തേ രംഗത്തെത്തിയിരുന്നെങ്കിലും അദ്ദേഹം അവര്‍ക്കെതിരായ നടപടി സ്വീകരിക്കാത്തതാണ് സച്ചിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന്, അഴിമതിക്കേസുകളിൽ ഗെലോട്ട് സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ ആരോപിച്ച് ഉപവാസ സമരം നടത്തുമെന്ന് അദ്ദേഹം ഞായറാഴ്‌ചയാണ് (ഏപ്രില്‍ ഒന്‍പത്) പ്രഖ്യാപിച്ചത്. ഇതിനെതിരായാണ് 'ചുവപ്പ് സൂചന'യുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം മന്നോട്ടുവന്നത്.
അഴിമതി ആരോപണങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് കാണിച്ച് ഗെലോട്ടിന് സച്ചിന്‍ കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതാണ് വീണ്ടുമൊരു പരസ്യ ഏറ്റുമുട്ടലിലേക്ക് സച്ചിന്‍ പൈലറ്റിനെ എത്തിച്ചത്. ആരോപണവിധേയമായ അഴിമതി കേസുകളിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല, സംസ്ഥാന ഏജൻസികളാണ്. കേന്ദ്രമന്ത്രിമാർ ഉൾപ്പടെയുള്ള മുതിർന്ന ബിജെപി നേതാക്കൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എഐസിസി സച്ചിനോടായി പറഞ്ഞു.
'ബിജെപി വേട്ടയ്‌ക്കെതിരായ കേസ് മുന്‍പോട്ടുതന്നെ':'സഞ്ജീവനി അഴിമതിക്കേസിൽ കേന്ദ്രമന്ത്രി കൂടിയായ രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവ് ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഷെഖാവത് ജി നമ്മുടെ മുഖ്യമന്ത്രിക്കെതിരെ ഡൽഹി കോടതിയിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. കൊവിഡ് വ്യാപന കാലത്ത് നമ്മുടെ എംഎൽഎമാരെ വേട്ടയാടാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള ബിജെപി നീക്കത്തിനെതിരായാണ് മറ്റൊരു അന്വേഷണം നടക്കുന്നത്. ഈ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനാൽ, ബിജെപിക്കെതിരായ അന്വേഷണങ്ങളൊന്നും കാര്യമായി നടക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല.' - കോൺഗ്രസ് മാധ്യമ മേധാവി പവൻ ഖേര മാധ്യമങ്ങളോട് വ്യക്തമാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അവര്‍ രാജസ്ഥാൻ എഐസിസി ചുമതലയുള്ള സുഖ്‌ജീന്ദർ സിങ് രൺധാവയെയാണ് സമീപിക്കേണ്ടത്. പാര്‍ട്ടി ഒരിക്കലും ഇത്തരം അന്വേഷണങ്ങൾ നടത്തുന്നില്ല. സംസ്ഥാന ഏജൻസികളാണ് ഇവ കൈകാര്യം ചെയ്യുന്നത്. കോൺഗ്രസ് ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നെങ്കില്‍, ഞാൻ ഖേദിക്കുന്നു. ഇത് കോൺഗ്രസ് പാർട്ടിയാണ്, അല്ലാതെ ബിജെപിയല്ല. വിഷയത്തില്‍ രൺധാവ, പൈലറ്റുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹം കൂടിയാലോചനകൾ നടത്തുകയും ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്യുമെന്നും പവൻ ഖേര വ്യക്തമാക്കി.
'ഇനിയും 'മുഖ്യനേതാവ്' അശോക് ഗെലോട്ട് തന്നെ':ഗെലോട്ട് - സച്ചിന്‍ ഏറ്റുമുട്ടല്‍ നിരവധി തവണ രാജ്യം കണ്ടതാണ്. അതുകൊണ്ടുതന്നെ ബദ്ധവൈരിയായ ഗെലോട്ടിനെതിരെയുള്ള സച്ചിന്‍റെ പുതിയ 'കലാപമായാണ്' എഐസിസി നേതാക്കള്‍ ഈ നീക്കത്തെ കാണുന്നത്. എഐസിസി ഗെലോട്ടിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ നേട്ടങ്ങളെ പ്രശംസിക്കുകയുമാണ് ഈ വിഷയത്തില്‍ ചെയ്‌തത്. ഈ വർഷം വരുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ 'മുഖ്യനേതാവ്' തന്നെ നയിക്കണമെന്നാണ് എഐസിസിയുടെ പക്ഷം. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന പൈലറ്റിന് എഐസിസിയുടെ ഈ നിലപാട് തെല്ലല്ലാത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.