ജയ്‌പൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മെയ് 10 മുതൽ 24 വരെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കർശനമായി പാലിക്കണമെന്നും മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യം, ലോക്ക്ഡൗൺ, വിഭവങ്ങളുടെ ലഭ്യത എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ഉന്നതതല യോഗം വിളിച്ചിരുന്നു. പൊതുജനങ്ങളിൽ കൊവിഡ് അവബോധം സൃഷ്ടിക്കുന്നതിനായി പൊലീസ് സ്റ്റേഷൻ പ്രദേശങ്ങളിലും ചെക്ക്പോസ്റ്റുകളിലും ഫ്ലാഗ് മാർച്ചുകൾ നടത്തണമെന്ന് അദ്ദേഹം പൊലീസ് സേനയോട് നിർദ്ദേശിച്ചു. കൂടാതെ, സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ ഓക്സിജൻ, കിടക്കകൾ, വെന്‍റിലേറ്ററുകൾ എന്നിവയുടെ വില യുക്തിസഹമാക്കണമെന്നും അശോക് ഗെലോട്ട് പറഞ്ഞു.