കോട്ട :വിവാഹ തലേന്ന് വീണ് വധുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് കല്യാണം ആശുപത്രിയില്‍ വച്ചാക്കി കുടുംബം. വ്യത്യസ്‌തമായ ഈ വിവാഹം നടന്നത് രാജസ്ഥാനിലെ കോട്ട ജില്ലയിലാണ്. കല്ല്യാണത്തിൻ്റെ തലേന്ന് വധു വീഴുകയും തുടർന്ന് ശരീരത്തിൽ ഒന്നിൽ അധികം ഒടിവുകൾ സംഭവിക്കുകയും ചെയ്‌തതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങുകൾ എല്ലാം നടത്തിയതിനു ശേഷം വരൻ പങ്കജ് ഇരുകുടുംബത്തിന്‍റെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ വധുവിന് കുങ്കുമം ചാർത്തി.
വീഴ്‌ചയിൽ ശരീരത്തിൽ ഒന്നിൽ അധികം ഒടിവുകൾ ഉള്ള നവവധു മധു നഗരത്തിലെ എസ്.ബി.എസ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ നടക്കാനാകാതെ വീൽചെയറിനെ ആശ്രയിക്കുന്ന മധു പരിക്കുകളിൽ നിന്ന് സുഖം പ്രാപിച്ചു വരുമ്പോഴേക്കും വിവാഹവുമായി മുന്നോട്ട് പോകാൻ ആയിരുന്നു വീട്ടുകാരുടെ തീരുമാനം. ചടങ്ങുകൾക്ക് വേദിയായി അവർ തിരഞ്ഞെടുത്തത് ആശുപത്രി തന്നെയായിരുന്നു.
'ഞങ്ങളുടെ ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ ഒരു മുറി ബുക്ക് ചെയ്‌ത് അലങ്കരിച്ച് വീൽചെയറിൽ ഇരുന്ന വധുവിനെ വരൻ മാലയണിയിച്ചു. താലികെട്ടിനുശേഷം വരൻ വധുവിന്‍റെ നെറുകിൽ സിന്ദൂരമണിയിച്ചു. അവൻ പറഞ്ഞതനുസരിച്ച് വധു കുറച്ചു ദിവസം ആശുപത്രിയിൽ കിടക്കും', പങ്കജിന്‍റെ ഭാര്യാസഹോദരൻ രാകേഷ് റാത്തോഡ് പറഞ്ഞു. 'ഇരുകുടുബങ്ങളും മധുവിനെ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്തോർഗഢ് ജില്ലയിലെ റാവത്ത്‌ഭട്ട സ്വദേശിനിയായ മധുവിന് വിവാഹവേദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ഗോവണിപ്പടിയിൽ നിന്ന് തെന്നിവീണാണ് പരിക്കേറ്റത്. ഉടനെ തന്നെ വധുവിനെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വരന്‍റെ വീട്ടുകാരിൽ വിവരം എത്തും മുൻപേ അവർ പുറപ്പെട്ടിരുന്നു. തുടർന്നാണ് ആശുപത്രി വിവാഹവേദിയാക്കാൻ തീരുമാനിക്കുന്നത്.
വിവാഹ ചടങ്ങുകൾക്ക് ശേഷമുള്ള ഫോട്ടോയെടുപ്പിൽ വിവാഹവസ്‌ത്രം ധരിച്ച്, സെർവിക്കൽ കോളർ സ്‌ട്രാപ്പ് ധരിച്ച് രണ്ടു കൈകളിലും പ്ലാസ്‌റ്ററിട്ട അത്യതികം സന്തോഷവതിയായ മധുവിനെയാണ് കാണാൻ സാധിച്ചത്. വിവാഹശേഷം വളരേ അധികം ധീരയായ ഒരു സ്‌ത്രീയായാണ് മധുവിനെ കാണാൻ സാധിച്ചത്. അവളുടെ സന്തോഷം ബന്ധുക്കൾക്കിടയിലും പ്രതിഫലിച്ചു.