ജയ്‌പൂർ: നിയമസഭ തെരഞ്ഞെടുപ്പ് ചൂടിൽ രാജസ്ഥാൻ. നാളെ (നവംബര്‍ 25) രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിൽ ഏകദേശം 52.5 ദശലക്ഷം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, നവംബർ 23 ന് വോട്ടെടുപ്പ് ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്ത് വലിയ തോതിലുള്ള വിവാഹങ്ങളും മറ്റ് ഇടപെടലുകളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) നവംബർ 25 ലേക്ക് മാറ്റുകയായിരുന്നു (Polling to be held in Rajasthan tomorrow fight between BJP and ruling Congress).
ഗുർമീത് സിംഗ് കൂനാറിന്‍റെ മരണത്തെ തുടർന്ന് കരൺപൂർ അസംബ്ലി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ സംസ്ഥാനത്ത് ആകെ 200 സീറ്റുകളിൽ 199 സീറ്റുകളിലേക്കും നാളെ തെരഞ്ഞെടുപ്പ് നടക്കും. പ്രധാന രാഷ്‌ട്രീയ പാർട്ടികളായ ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നിവയെ കൂടാതെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ആം ആദ്‌മി പാർട്ടി (എഎപി) എന്നിവരും മത്സരരംഗത്തുണ്ട്. അതേസമയം ഡിസംബർ മൂന്നിനാണ് ഫലം പ്രഖ്യാപിക്കുക.
അഞ്ച് വർഷത്തിലൊരിക്കൽ ഭരണകക്ഷിയെ വോട്ട് ചെയ്‌ത് പുറത്താക്കുന്ന പാരമ്പര്യമുള്ള രാജസ്ഥാനിൽ, പ്രതിപക്ഷമായ ബിജെപി കടുത്ത പോരാട്ടം മുന്നിൽ കണ്ട് സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സർവശ്രമങ്ങളും നടത്തുകയാണ്. മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.
199 സീറ്റുകളിൽ 25 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 34 എണ്ണം പട്ടികവർഗത്തിനും 144 സീറ്റുകൾ പൊതുവിഭാഗത്തിനും സംവരണം ചെയ്‌തിട്ടുണ്ട്. നിലവിലുള്ള രാജസ്ഥാൻ നിയമസഭയുടെ കാലാവധി 2024 ജനുവരി 14-ന് അവസാനിക്കും. 1,863 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ച് ഗ്യാറന്‍റികളും നിലവിലെ സർക്കാരിന്‍റെ ക്ഷേമപദ്ധതികളും പ്രകടന പത്രികയിൽ ഇടം നേടിയിരുന്നു.