ശ്രീനഗര്‍ :കാർഗിൽ വിജയ് ദിവസ് അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് (24-07-2022) ജമ്മു കശ്‌മീരിൽ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജമ്മുവിലെ ഗുൽഷൻ ഗ്രൗണ്ടിൽ ആർഎസ്എസുമായി ബന്ധമുള്ള ജമ്മു കശ്‌മീർ പീപ്പിൾസ് ഫോറം സംഘടിപ്പിക്കുന്ന ചടങ്ങിൽ ജമ്മു കശ്‌മീരിലെ രക്തസാക്ഷികളായ 1500-2000 കുടുംബങ്ങളെ സിങ് ആദരിക്കും. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ചടങ്ങിലുണ്ടാകും.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ജമ്മുവില്‍ ; സന്ദര്‍ശനം കാർഗിൽ വിജയ് ദിവസിന് മുന്നോടിയായി - രാജ്‌നാഥ് സിങ് ജമ്മു സന്ദര്‍ശനം
ജമ്മുവിലെ ഗുൽഷൻ ഗ്രൗണ്ടിൽ ജമ്മു കശ്‌മീർ പീപ്പിൾസ് ഫോറം സംഘടിപ്പിക്കുന്ന കാര്‍ഗില്‍ വിജയ് ദിവസ് അനുസ്‌മരണ ചടങ്ങിൽ കേന്ദ്ര പ്രതിരോധമന്ത്രി പങ്കെടുക്കും
അതേസമയം, കാർഗിൽ യുദ്ധ സ്‌മാരകത്തിൽ 23-ാമത് കാർഗിൽ വിജയ് ദിവസ് അനുസ്‌മരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം. 1999-ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്‍റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26-നാണ് രാജ്യം കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. യുദ്ധസ്‌മാരകത്തിൽ, മൂന്ന് ദിവസത്തെ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.
വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി സൈന്യത്തിലെയും സിവിൽ അഡ്മിനിസ്‌ട്രേഷനിലെയും പ്രമുഖരും ധീര പുരസ്‌കാര ജേതാക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന നിരവധി പരിപാടികളും മേഖലയില്‍ നടക്കും. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ റാലി ജൂലൈ 22-ന് രാവിലെ ശ്രീനഗറിലെത്തിയിരുന്നു. പിന്നാലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് റാലി നടത്തിയവര്‍ ബദാമി ബാഗ് കൻ്റോണ്‍മെന്‍റിലെ ചിനാർ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം സമര്‍പ്പിച്ചു. ജൂലൈ 18-നാണ് ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റാലി പുറപ്പെട്ടത്.