ന്യൂഡല്‍ഹി :വായു മലിനീകരണം അതിരൂക്ഷമായ ഡല്‍ഹിയില്‍ ആശ്വാസമായി മഴ. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് എന്‍സിആറിന്‍റെ ചില പ്രദേശങ്ങളില്‍ ഇന്നലെ (നവംബര്‍ 9) രാത്രിയും ഇന്ന് (നവംബര്‍ 10) പുലര്‍ച്ചെയും മഴ ലഭിച്ചത്. ഇന്നും മഴ തുടരുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ഒരാഴ്‌ചയായി ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമാണ്. മലിനീകരണം കാരണം ജനങ്ങള്‍ പൊറുതിമുട്ടിയതോടെയാണ് കൃത്രിമ മഴ പെയ്യിച്ച് മലിനീകരണ തോത് കുറയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവംബര്‍ 20, 21 ദിവസങ്ങളില്‍ കൃത്രിമ മഴ പെയ്യിക്കാനായിരുന്നു നീക്കം.
അപ്രതീക്ഷിത മഴ ലഭിച്ചത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. മാത്രമല്ല വായു മലീനികരണ തോത് കുറയാന്‍ മഴ കാരണമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മഴ തുടരുകയാണെങ്കില്‍ ഡല്‍ഹിയിലെ എക്യുഐ (Air Quality Index) ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. തലസ്ഥാനത്തെ നേരിയ മഴ ഉള്‍പ്പെടെയുള്ള അനുകൂല കാലാവസ്ഥ ദീപാവലിക്ക് മുമ്പായി വായുവിന്‍റെ ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടാക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (IMD) പറഞ്ഞു.
വടക്ക് പടിഞ്ഞാറ് നിന്നുള്ള കാറ്റിന്‍റെ ദിശ തെക്ക് കിഴക്കിലേക്ക് മാറുന്നതും ഡല്‍ഹിയിലെ വായു മലിനീകരണം കുറയാന്‍ കാരണമാകുമെന്ന് ഐഎംഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല കാറ്റിന്‍റെ വേഗത ഇനിയും വര്‍ധിക്കുമെന്നും അത് ഏറെ ഗുണകരമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ വിവിധ വസ്‌തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ ഏറെ ബാധിക്കുന്നുണ്ടെന്ന് ഡെസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റത്തില്‍ (Decision Support System) നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഡല്‍ഹിയിലെ മലിനീകരണത്തിന്‍റെ 38 ശതമാനം ഇത്തരത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്.