ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയിലെ റെയില്‍വെ സ്റ്റേഷന്‍റെ നവീകരിച്ച രൂപരേഖയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ശാസ്‌ത്ര സാങ്കല്‍പിക കഥകളിലെ കെട്ടിടങ്ങള്‍ പോലെ സമാനമായ രീതിയില്‍ തോന്നിപ്പിക്കുന്നതാണ് പുതിയ റെയില്‍വെ സ്റ്റേഷന്‍റെ ചിത്രം. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് വ്യത്യസ്‌ത തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തെ വളരെ മനോഹരമെന്ന് ഒരു കൂട്ടര്‍ വിശേഷിപ്പിക്കുമ്പോള്‍ ഡല്‍ഹിയിലെ കാലാവസ്ഥയ്‌ക്ക് ഇത് അനുയോജ്യമാകുമോ എന്ന് ചേദിക്കുന്നവരാണ് മറുവശത്ത്. 'ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുകയാണ്, പുനർവികസിപ്പിച്ചെടുക്കാൻ പോകുന്ന ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്‍റെ നിർദിഷ്‌ട രൂപകൽപ്പന' എന്ന തലക്കെട്ടോടു കൂടിയാണ് റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.
'അമൃത് കാല്‍ കാ റെയില്‍വെ സ്‌റ്റേഷന്‍': ഉടന്‍ തന്നെ 'അമൃത് കാല്‍ കാ റെയില്‍വെ സ്‌റ്റേഷന്‍' എന്ന മറ്റൊരു തലക്കെട്ടോടു കൂടി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും ചിത്രം പങ്കുവച്ചു. 25000ല്‍ പരം ലൈക്കുകളോടെയും റീട്വീറ്റോടെയും ചിത്രം ഉടന്‍ തന്നെ വൈറലായി. ഗതാഗതത്തിന്‍റെയും അടിസ്ഥാന സൗകര്യ വികസനത്തിന്‍റെയും പുതിയ യുഗത്തിന് തുടക്കമാണിത് എന്ന ഒരാള്‍ പോസ്റ്റിന് ചുവടെ അഭിപ്രായം പങ്കുവെച്ചപ്പോള്‍, പണം അനാവശ്യമായി ചിലവഴിക്കുന്നത് നിര്‍ത്തൂ, ഒരിക്കല്‍ പുനര്‍നിര്‍മ്മാണം ചെയ്‌ത റെയില്‍വേ സ്റ്റേഷനാണിത്, ഈ പണം ഇന്ത്യയിലെ മേശം റെയില്‍വേ സ്റ്റേഷന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ചിലവഴിച്ചു കൂടെ എന്ന് മറ്റ് കുറെ പേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ നിരവധിയാളുകളാണ് രൂപരേഖയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ആധുനിക വാസ്‌തുവിദ്യ പോലെയും യുഎഇയെ പോലെയും തോന്നിപ്പിക്കുന്നു എന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ചരിത്രപരവും എന്നാല്‍ ആധുനികതയും ഇടകലര്‍ന്ന ഇന്ത്യന്‍ സംസ്‌കാരം എന്ന്് തേന്നിപ്പിക്കുന്നതാണ് പുതിയ നിര്‍മ്മിതിയെന്ന് റെയില്‍വേ പ്രസ്‌താവിച്ചു.