കേരളം

kerala

ETV Bharat / bharat

അദാനി വില്‍മറിന്‍റെ ആസ്ഥാനത്ത് ഹിമാചല്‍ നികുതി വകുപ്പിന്‍റെ റെയ്‌ഡ് ; നികുതി പണമായി അടച്ചിട്ടില്ലെന്ന് അധികൃതര്‍

നികുതി പണമായി എന്തുകൊണ്ട് അദാനി വില്‍മര്‍ അടച്ചില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഹിമാചല്‍ പ്രദേശ് നികുതി വകുപ്പ് ജോയിന്‍റ് ഡയറക്‌ടര്‍ ജി ഡി താക്കൂര്‍

Raid in Adani Wilmar warehouses in Shimla  അദാനി വില്‍മറിന്‍റെ ആസ്ഥാനത്ത്  അദാനി വില്‍മര്‍  അദാനി വില്‍മറിന്‍റെ ആസ്ഥാനത്ത് റേയിഡ്  അദാനി ഗ്രൂപ്പ് ക്രമക്കേട്  Irregularities in Adani group  Adani saga  അദാനി വിവാദം  അദാനി ഹിന്‍ഡന്‍ബര്‍ഗ്  Adani Hindenburg
അദാനി വില്‍മറിന്‍റെ ആസ്ഥാനത്ത് ഹിമാചല്‍ നികുതി വകുപ്പിന്‍റെ റേയിഡ്

By

Published : Feb 9, 2023, 4:21 PM IST

സോളന്‍(ഹിമാചല്‍ പ്രദേശ്) : അദാനി വില്‍മറിന്‍റെ ഷിംലയിലെ പർവാനോ ആസ്ഥാനത്ത് ഹിമാചല്‍ പ്രദേശ് നികുതി വകുപ്പിന്‍റെ റെയ്‌ഡ്. നടപടിക്രമത്തിന്‍റെ ഭാഗമായിട്ടുള്ള സാധാരണ പരിശോധനയാണ് നടന്നതെന്നും ഒരു ക്രമക്കേടും സംസ്ഥാന നികുതി വകുപ്പ് കണ്ടെത്തിയിട്ടില്ലെന്നും അദാനി വില്‍മര്‍ അധികൃതര്‍ അറിയിച്ചു.

റെയ്‌ഡ് നടന്ന കാര്യം നികുതി വകുപ്പിന്‍റെ ജോയിന്‍റ് ഡയറക്‌ടര്‍ ജി ഡി താക്കൂര്‍ സ്ഥിരീകരിച്ചു. നികുതി വകുപ്പ് സൗത്ത് സോണ്‍ എന്‍ഫോഴ്‌സ്മെന്‍റ് വിഭാഗത്തിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘമാണ് അദാനി വില്‍മര്‍ ലിമിറ്റഡിന്‍റെ ഓഫിസില്‍ റെയ്‌ഡ് നടത്തിയതെന്നും സംഘം കമ്പനിയുടെ ഗോഡൗണില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം അറിയിച്ചു. കമ്പനി നികുതി വകുപ്പിന് ഔദ്യോഗികമായി ഹാജരാക്കിയ കണക്കുകള്‍ ശരിയാണോ എന്ന് നോക്കാനായി രേഖകള്‍ പരിശോധിച്ചു.

ജിഎസ്‌ടി നികുതി ക്രെഡിറ്റുമായി കമ്പനി സമീകരിക്കുകയാണ് ചെയ്‌തത്. കമ്പനി പണമായി നികുതി അടച്ചിട്ടില്ല. നികുതിയുടെ 10 മുതല്‍ 15 ശതമാനം വരെ പണമായി അടയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. നികുതി പണമായി അടയ്‌ക്കാത്തത് സംശയകരമാണെന്നും ഈ കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ പൊലീസ് വകുപ്പിനും സിവില്‍ സപ്ലെയ്‌സ് വകുപ്പിനും അദാനി വില്‍മര്‍ ചരക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ പര്‍വാനോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 135 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വര്‍ഷം നേടിയത്.

അദാനിക്ക് ഹിമാചല്‍ പ്രദേശ് പ്രധാനം : അദാനി ഗ്രൂപ്പിന്‍റെ ഏഴ് കമ്പനികള്‍ ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ അംബുജ സിമന്‍റ്, എസിസി സിമന്‍റ് എന്നിവയുടെ ഫാക്‌ടറികളില്‍ ഇപ്പോള്‍ ഉത്പാദനം നടക്കുന്നില്ല. പഴ കച്ചവടം, പലചരക്ക് സാധനങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി അദാനിയുടെ സിമന്‍റ് പ്ലാന്‍റുകള്‍ അടഞ്ഞ് കിടക്കുകയാണ്. ഇതിനെ ചൊല്ലി ഹിമാചല്‍ സര്‍ക്കാറും അദാനി ഗ്രൂപ്പും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന് 4 ദിവസങ്ങള്‍ക്ക് ശേഷമാണ് സിമന്‍റ് പ്ലാന്‍റുകള്‍ അദാനി ഗ്രൂപ്പ് അടച്ച് പൂട്ടിയത്. ചരക്ക് കടത്തിനുള്ള അമിത ചെലവാണ് ഈ പ്ലാന്‍റുകള്‍ പൂട്ടുന്നതിനുള്ള കാരണമായി അദാനി ഗ്രൂപ്പ് പറഞ്ഞിരിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി പ്രതിരോധത്തില്‍: യുഎസ് ആസ്ഥാനമായിട്ടുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് പ്രതിരോധത്തിലാണ്. ഓഹരികളില്‍ കൃത്രിമത്വം നടത്തിയെന്നും വിദേശ രാജ്യങ്ങളില്‍ ഷെല്‍ കമ്പനികളുടെ ശൃംഖല തന്നെ പ്രവര്‍ത്തിപ്പിക്കുന്നു എന്നും അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിപക്ഷവും ആയുധമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അനര്‍ഹമായ സഹായങ്ങള്‍ അദാനി ഗ്രൂപ്പിന് ചെയ്യുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ വന്‍ നിക്ഷേപങ്ങള്‍ ഉള്ള ഫോറിന്‍ പോര്‍ട്ട്ഫോളിയോ ഫണ്ടുകള്‍ അദാനിയുടെ തന്നെ ഷെല്‍കമ്പനികളാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടിലുള്ളത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന് തങ്ങളുടെ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം കുറഞ്ഞാല്‍ ലാഭം ഉണ്ടാകുമെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പടച്ചുണ്ടാക്കിയത് എന്നുമാണ് അദാനി ഗ്രൂപ്പിന്‍റെ വാദം.

ABOUT THE AUTHOR

...view details