ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി ശ്രീനഗര്‍:ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തില്‍ ലാല്‍ ചൗക്കിലെ ചരിത്ര പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ജമ്മു കശ്‌മീര്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കാനിരിക്കെ ഒരുക്കിയ കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധി ക്ലോക്ക് ടവറില്‍ പതാക ഉയര്‍ത്തിയത്.
റോഡും കടകളും അടപ്പിച്ച് സുരക്ഷ:ക്ലോക്ക് ടവറിലെ പരിപാടിയ്‌ക്ക് മുമ്പായി രാഹുല്‍ ഗാന്ധി മൗലാന ആസാദ് റോഡിലെ പ്രദേശ് കേണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനം സന്ദര്‍ശിച്ചു. വന്‍ സുരക്ഷ ക്രമീകരണത്തിലാണ് ലാല്‍ ചൗക്കിലെ പരിപാടി നടന്നത്. ഇന്നലെ (28.01.2023) രാത്രി തന്നെ ലാല്‍ ചൗക്കിലേക്കുള്ള എല്ലാ റോഡുകളും അടച്ചിരുന്നു. കൂടാതെ സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ വ്യാപാര സ്ഥാപനവും ചന്തയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല.
ജമ്മു കശ്‌മീരിലെത്തിയ ഭാരത് ജോഡോ യാത്രയ്‌ക്കും രാഹുല്‍ ഗാന്ധിക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ജമ്മു കശ്‌മീര്‍ ഭരണകൂടം വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഭാരത് ജോഡോ യാത്ര താത്‌കാലികമായി നിര്‍ത്തി വച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചതിനാല്‍ പിന്നീട് തുടരുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്രയുടെ അവസാന ദിനമായ ഇന്ന് ഭരണകൂടം യാത്രയ്‌ക്കും രാഹുല്‍ ഗാന്ധിക്കും വന്‍ സുരക്ഷ ഒരുക്കിയത്. നൂറ് കണക്കിന് പൊലീസുകാരും സിആര്‍പിഎഫും ചേര്‍ന്നാണ് ഭാരത് ജോഡോ യാത്രക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസമായ ഇന്ന് പന്ത ചൗക്കില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നത്തെ പര്യടനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. ത്രിവര്‍ണ പതാകയും കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പതാകയുമേന്തി സ്‌ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഭാരത് ജോഡോ യാത്രയില്‍ പന്ത ചൗക്കില്‍ അണിനിരന്നത്. ജമ്മു കശ്‌മീരിന് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും അവസാന പര്യടനത്തില്‍ പങ്കെടുക്കാന്‍ ശ്രീനഗറില്‍ എത്തിയിട്ടുണ്ട്.
രാഹുലിനൊപ്പം നടന്ന് മെഹബൂബ മുഫ്‌തി: ഇന്നലെ നടന്ന പര്യടനത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തിയും പങ്കെടുത്തിരുന്നു. 'രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്‌മീരിന് ശുദ്ധവായു പോലെയാണ്. 2019ന് ശേഷം ഇതാദ്യമായാണ് കശ്‌മീരികള്‍ ഇത്രയധികം കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത് മികച്ച അനുഭവമായിരുന്നു', മെഹബൂബ മുഫ്‌തി പറഞ്ഞു. യോഗേന്ദ്ര യാദവിന്‍റെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി സംഘവും ഇന്നലെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.
2022 സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ സഞ്ചരിച്ചാണ് ഭാരത് ജോഡോ യാത്ര കശ്‌മീരില്‍ പ്രവേശിച്ചത്. നാളെ (30.01.2023) എംഎ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ശ്രീനഗറിലെ ഷേര്‍ ഇ കശ്‌മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് സമാപനം.