ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായ ശേഷം രാഹുൽ ഗാന്ധി തന്‍റെ ആദ്യ വയനാട് സന്ദർശനത്തിന് നാളെ എത്തും. സന്ദർശന വേളയിൽ വയനാട്ടിൽ പൊതു റാലിയും റോഡ് ഷോയും നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം വയനാട് സന്ദർശനത്തിന് എത്തും.
2019ലെ മോദി പരാമർശത്തിലെ അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് രാഹുൽ ഗാന്ധി ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യത നടപടി നേരിട്ടത്. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന റാലിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കേസിനാസ്‌പദമായ പരാമർശം.
'മോദി' പരാമർശത്തിലെ അപകീർത്തി കേസ്: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഏപ്രിൽ 13നാണ് രാഹുലിന്‍റെ 'മോദി' പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ തമ്മിലുള്ള സാമ്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പരാമർശം. 'എല്ലാ കള്ളൻമാർക്കും പൊതുവായി മോദി എന്ന പേര് ഉള്ളത് എന്തുകൊണ്ടാണ്' എന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു. ഇതിനെതിരെ ഗുജറാത്ത് മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകുകയായിരുന്നു. മോദി സമുദായത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
സൂറത്ത് കോടതി വിധിക്ക് പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയായിരുന്നു. 1951ലെ ജനാധിപത്യ നിയമ പ്രകാരം പാർലമെന്‍റിലെ ഏതെങ്കിലും അംഗം രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ പാർലമെന്‍റിൽ നിന്ന് അയോഗ്യത കൽപ്പിക്കുമെന്ന നിയമപ്രകാരമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
രാഹുലിനെതിരെ പുതിയ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കേൺഗ്രസ് വിട്ട നേതാക്കളെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്തയുടെ പ്രതികരണം. രാഹുലിന്‍റെ ട്വീറ്റിൽ അദ്ദേഹം കടുത്ത അമർഷം രേഖപ്പെടുത്തി.
അദാനിയുടെ പേരിന്‍റെ അക്ഷരങ്ങൾക്കൊപ്പം മുൻ കോൺഗ്രസ് നേതാക്കളുടെ പേരുകൾ കൂട്ടിച്ചേർത്തായിരുന്നു ട്വീറ്റ്. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ, കിരൺ കുമാർ റെഡ്ഡി, അനിൽ കെ ആന്‍റണി തുടങ്ങിയവരുടെ പേരുകളാണ് അവയിൽ ഉണ്ടായിരുന്നത്.
രാഹുൽ ഗാന്ധിക്കെതിരെ ഗുലാം നബി ആസാദ്: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ഗുലാം നബി ആസാദ് രംഗത്തെത്തിയിരുന്നു. താനും മറ്റ് നേതാക്കളും പാർട്ടി വിടാൻ കാരണം രാഹുൽ ഗാന്ധി ആണെന്നായിരുന്നു മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ പരാമർശം. ഇന്നത്തെ കോൺഗ്രസിൽ നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ നേതാക്കൾ നട്ടെല്ല് ഇല്ലാത്തവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ കോൺഗ്രസ് പ്രതാപത്തെ ഇന്ന് കാണുന്ന അവസ്ഥയിലെത്തിച്ചത് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായികളുമാണെന്നും അദ്ദേഹം വിമർശിച്ചു.
ജഡ്‌ജിക്കെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധിക്കെതിരെ ശിക്ഷ വിധിച്ച കോടതി ജഡ്‌ജിയുടെ നാവ് മുറിച്ചുമാറ്റുമെന്ന ഭീഷണി മുഴക്കിയ തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ദിണ്ഡിഗൽ ജില്ല അധ്യക്ഷൻ മണികണ്‌ഠനാണ് ഭീഷണി മുഴക്കിയത്.
ഏപ്രിൽ 6ന് ദിണ്ഡിഗലിൽ നടന്ന പ്രതിഷേധ റാലിക്കിടെയാണ് മണികണ്‌ഠന്‍റെ പരാമർശം. 'ഞങ്ങൾ അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്‌ജിയുടെ നാവ് മുറിച്ചുമാറ്റും' എന്നായിരുന്നു പരാമർശം.