ചെന്നൈ:കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്‌ക്ക് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കുക ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്‌മാരകം സന്ദര്‍ശിച്ച ശേഷം. സെപ്‌റ്റംബര്‍ ഏഴിന് പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലമായ ശ്രീപെരുംപുത്തൂരിലുള്ള സ്‌മാരകം സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്ന് പദയാത്രയ്‌ക്ക് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് കെ സെല്‍വപെരുന്തഗൈ അറിയിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ശ്രീപെരുംപുത്തൂരിലെ സ്‌മാരകം സന്ദര്‍ശിക്കുന്നത്.
'സെപ്‌റ്റംബർ 7ന് രാഹുൽ ഗാന്ധി ശ്രീപെരുംപുത്തൂരിലെ സ്‌മാരകം സന്ദർശിക്കും. കന്യാകുമാരിയില്‍ നിന്ന് പദയാത്ര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കും', കെ സെല്‍വപെരുന്തഗൈ പറഞ്ഞു. സുരക്ഷ നടപടികളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്‌മാരകം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനത്തിന്‍റെ ഭാഗമായി ശ്രീപെരുംപുത്തൂരിൽ ആവശ്യമായ ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 1991 മെയ് 21ന് ശ്രീപെരുംപുത്തൂരിൽ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലത്തിന്‍റെ (എൽടിടിഇ) ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.
ഭാരത് ജോഡോ യാത്ര:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു കൊണ്ടാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങി 3,571 കിലോമീറ്ററുകള്‍ താണ്ടി കശ്‌മീരില്‍ അവസാനിക്കും. ഏകദേശം 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 203 നിയമസഭ മണ്ഡലങ്ങളും 68 ലോക്‌സഭ മണ്ഡലങ്ങളും യാത്രയില്‍ പിന്നിടും. സെപ്‌റ്റംബർ 7 മുതൽ 10 വരെ നാല് ദിവസമാണ് തമിഴ്‌നാട്ടില്‍ പര്യടനമുള്ളത്.
Read more: 150 ദിനങ്ങള്‍, 3,571 കിലോമീറ്ററുകള്‍ ; ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി