ഭോപ്പാൽ :കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊവിഡ് വാക്‌സിനേഷനെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.
രാഹുൽ ഗാന്ധിയുടെ തെറ്റായ പ്രചരണത്താല്‍ വാക്‌സിൻ സ്വീകരിക്കാതെ ജനങ്ങൾ അവരുടെ ജീവൻ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് എത്തുന്നുവെന്നും ചൗഹാൻ ആരോപിച്ചു.
പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് ചൗഹാന്‍റെ പ്രതികരണം. 'ആദ്യം ജനങ്ങൾക്ക് വാക്‌സിൻ എത്തിക്കൂ, അതിന് ശേഷം ആവശ്യമെങ്കിൽ മൻ കി ബാത്ത് തുടരൂ' എന്നതായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
ALSO READ:ഇതിനകം വിതരണം ചെയ്തത് 31.5 കോടി ഡോസ് വാക്‌സിനെന്ന് കേന്ദ്രം
ഇതിന് കടുത്ത ഭാഷയിലാണ് ചൗഹാൻ മറുപടി നൽകിയത്. രാഹുൽ ബാബ, നിങ്ങളെ ഓർത്ത് നാണക്കേട് തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകുന്നത്, അല്ലാതെ നിങ്ങളല്ല.
പ്രധാനമന്ത്രി രാജ്യത്താകമാനം സൗജന്യ വാക്‌സിൻ നൽകുമ്പോൾ നിങ്ങൾ രാജ്യത്താകമാനം തെറ്റിദ്ധാരണകൾ പരത്തുന്നു. നിങ്ങളുടെ തെറ്റായ പ്രചരണങ്ങൾ കാരണം ജനങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നു, ചൗഹാൻ ട്വീറ്റ് ചെയ്തു.
അതേസമയം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 31,51,43,490 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 20,48,960ലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.