ന്യൂഡൽഹി: കർഷക പ്രതിഷേധത്തിനിടെ മരിച്ച കർഷക മരണത്തിൽ രേഖകളില്ലെന്ന് അറിയിച്ച കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ നുണ പറയുകയാണെന്നും 700ഓളം കർഷകരാണ് മാസങ്ങൾ നീണ്ടു നിന്ന കർഷക പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പഞ്ചാബ് സർക്കാർ 403 കർഷക മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലായി 200 കർഷകർ മരിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പഞ്ചാബ് സ്വദേശികളായ കർഷകരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നൽകിയെന്നും പ്രതിഷേധത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ഉചിതമായ രീതിയിൽ കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും ഗാന്ധി വ്യക്തമാക്കി.