ന്യൂഡല്‍ഹി: പെഗാസസ്, ഇന്ധനവില വര്‍ധനവ്, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റിന് പുറത്തേക്ക് വ്യാപിപ്പിച്ച് പ്രതിപക്ഷം. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്‍റിലേക്ക് സൈക്കിള്‍ റാലി നടത്തി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ സൈക്കിളില്‍ പാര്‍ലമെന്‍റിലേക്കെത്തിയത്. നേരത്തെ കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേക്ക് ട്രാക്‌ടര്‍ റാലി സംഘടിപ്പിച്ചിരുന്നു.
പ്രഭാതവിരുന്ന് യോഗം
ഇന്ന് രാവിലെ (ഓഗസ്റ്റ് 3, 2021) കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രഭാത വിരുന്ന് യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആംആദ്‌മി പാര്‍ട്ടിയും ബിഎസ്‌പിയും യോഗത്തില്‍ നിന്നും വിട്ട് നിന്നു.