പാർലമെന്‍റില്‍ രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി:മണിപ്പൂർ വിഷയത്തില്‍ ലോക്‌സഭയില്‍ ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ചയില്‍ പ്രസംഗിച്ച് രാഹുല്‍ ഗാന്ധി. അയോഗ്യത നീങ്ങിയ ശേഷമുള്ള തിരിച്ചുവരവില്‍ ലോക്‌സഭ സ്‌പീക്കർക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. അദാനിയെ കുറിച്ച് ഇന്ന് ഒന്നും പറയില്ലെന്ന് പറഞ്ഞുതുടങ്ങിയ രാഹുല്‍ പ്രധാനമന്ത്രിക്ക് നേരെ പരിഹാസവും ചൊരിഞ്ഞു. ഇന്നത്തെ പ്രസംഗം രാഷ്‌ട്രീയമല്ല. രാജ്യത്തെ അറിഞ്ഞുള്ള യാത്ര അവസാനിച്ചിട്ടില്ല. ഭാരത് ജോഡോ യാത്ര രാജ്യത്തെ മനസിലാക്കാൻ. ഇന്ത്യയെ മനസിലാക്കാൻ യാത്ര തുടരുമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.
സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നെന്ന് പറഞ്ഞ രാഹുല്‍ തന്നെ കേന്ദ്രം പത്ത് വർഷമായി വേട്ടയാടുന്നുവെന്നും ലോക്‌സഭയില്‍ പറഞ്ഞു. രാഹുലിന്‍റെ പ്രസംഗത്തിനിടെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യവുമായി ബിജെപി അംഗങ്ങൾ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചു. അതിനിടെ ഇന്ത്യ മുന്നണി അംഗങ്ങൾ ഇടപെട്ട് മുദ്രാവാക്യം വിളിച്ചു.
' ഇന്ന് ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്ന് സംസാരിക്കാനാണ് എനിക്ക് ഇഷ്‌ടം' എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്. എന്നത്തേയും പോലെ സർക്കാരിന് എതിരെ കടുത്ത ഭാഷയില്‍ ആക്രമണം നടത്താൻ ഞാൻ താല്‍പര്യപ്പെടുന്നില്ല. എന്തിനാണ് ഞാൻ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്തിനാണ് ഈ യാത്രയെന്ന് എനിക്കും വ്യക്തതയുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യയെ അറിയാനാണ് ഈ യാത്രയെന്ന് ഞാൻ തിരിച്ചറിഞ്ഞു, രാഹുല്‍ പറഞ്ഞു.
മണിപ്പൂരിലെത്തി അവിടുത്തെ സ്ത്രീകളും കുട്ടികളുമായും ഞാൻ സംസാരിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇതുവരെ അത് ചെയ്‌തില്ല. മണിപ്പൂരില്‍ എന്‍റെ അമ്മയെയാണ് നിങ്ങൾ വധിച്ചത്. നിങ്ങൾ ദേശ സ്‌നേഹികളല്ല. രാജ്യദ്രോഹികളാണ്. ഈ സർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ ഇന്ത്യയെ കൊന്നത്. ഞാൻ മണിപ്പൂർ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മണിപ്പൂർ ഇപ്പോൾ ഇല്ല. ഇന്ത്യൻ സേനയ്ക്ക് ഒറ്റദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനാകും. എന്നാല്‍ സർക്കാർ അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നില്ലെന്നും രാഹുല്‍ ആരോപണമുയർത്തി.
പ്രസംഗത്തില്‍ അദാനിയെ കുറിച്ച് പരാമർശിച്ച രാഹുല്‍ ഗാന്ധി, അദാനിയെ കുറിച്ച് ഞാൻ ഇവിടെ മുൻപ് പറഞ്ഞത് നിങ്ങളുടെ മുതിർന്ന നേതാവിന് വേദനയുണ്ടാക്കി എന്നാണ് വിശദീകരിച്ചത്. ഇന്ന് അദാനിയെ കുറിച്ച് ഞാൻ ഒന്നും പറയില്ലെന്ന് പറഞ്ഞ ശേഷമാണ് മണിപ്പൂർ വിഷയത്തിലേക്ക് രാഹുല്‍ കടന്നത്.
'ഫ്ലൈയിങ് കിസ്' ആരോപണം വന്ന വഴി:രാഹുല്‍ പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെ ബിജെപി അംഗങ്ങൾ മോദി വിളി ആരംഭിച്ചു. അതിനിടെ സ്‌മൃതി ഇറാനി അവിശ്വാസത്തിന് എതിരെ പ്രസംഗം തുടങ്ങി. പിന്നാലെ രാഹുല്‍ സഭ വിട്ടു. രാഹുല്‍ സഭയില്‍ നിന്ന് പോകുമ്പോൾ ഫ്ലൈയിങ് കിസ് നല്‍കിയെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം. "എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ വനിത അംഗങ്ങൾക്ക് നേരെ ഫ്ലൈയിങ് കിസ് നല്‍കാൻ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്‍റില്‍ ഉണ്ടായിട്ടില്ല. എന്നാണ് സ്‌മൃതി ഇറാനി ആരോപിച്ചത്.
misogynistic man (പുരുഷ മേധാവിത്വമുള്ളൻ, സ്ത്രീവിരുദ്ധതയുള്ളവൻ) എന്ന പ്രയോഗമാണ് സ്‌മൃതി ഇതേകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോടും പറഞ്ഞത്. സ്ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കാൻ നിയമം നിർമിക്കുന്ന സ്ഥലത്ത് നിന്നുണ്ടായ മോശം പെരുമാറ്റം അതീവ ഗുരുതരമാണെന്ന് ബിജെപി വനിത എംപിമാർ പ്രതികരിച്ചു. ഫ്ലൈയിങ് കിസ് നല്‍കിയ ശേഷം രാഹുല്‍ സഭ വിട്ടു പോയെന്നും ഇത് പാർലമെന്‍റിനോടും അംഗങ്ങളോടുമുള്ള അവഹേളനമാണെന്നും ബിജെപി എംപി ശോഭ കരന്തല്‌ജെ പറഞ്ഞു. ഇത് സംബന്ധിച്ച് സ്‌പീക്കർക്ക് പരാതി നല്‍കിയതായും ബിജെപി വനിത എംപിമാർ വ്യക്തമാക്കി.