ന്യൂഡൽഹി: ഹിന്ദുത്വവും ഹിന്ദു മതവും രണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ കാമ്പയിനായ ജൻ ജാഗരൺ അഭിയാൻ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഹിന്ദു മതം മുസ്ലിമിനെയോ സിഖുകാരനെയോ തല്ലാനോ കൊല്ലാനോ അല്ല പറയുന്നതെന്നും എന്നാൽ ഹിന്ദുത്വ അതാണ് പറയുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്‌ത്രങ്ങളായ സ്നേഹവും ദേശീയതയും ഇന്നും പ്രസക്‌തമാണെന്നും എന്നാൽ ആർഎസ്എസിന്‍റെയും ബിജെപിയുടേയും വിദ്വേഷ പ്രത്യയശാസ്‌ത്രങ്ങളാൽ അതിന് മങ്ങലേറ്റിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.