ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാറിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi Criticized PM Modi And BJP).പ്രധാനമന്ത്രി ജനങ്ങളുടെ ശ്രദ്ധ തിരിക്കുമ്പോള്‍ അദാനി പോക്കറ്റ് അടിക്കുകയും അമിത് ഷാ ലാത്തി വീശുകയും ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
തീരുമാനം നിങ്ങളുടേത്:സംസ്ഥാനത്ത് ഏത് സര്‍ക്കാര്‍ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. രാജസ്ഥാനില്‍ നിങ്ങള്‍ക്ക് ബിജെപിയുടെയും അദാനിയുടെയും സര്‍ക്കാരാണോ വേണ്ടത് അതോ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഒപ്പം നില്‍ക്കുന്ന സര്‍ക്കാരാണോ വേണ്ടത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ ലഭിക്കില്ല. 500 രൂപയ്‌ക്ക് എല്‍പിജി സിലിണ്ടര്‍ ലഭിക്കില്ല. സ്‌ത്രീകളുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ ഒരാള്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യം ചികിത്സ സഹായമാണ് ലഭിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ ഭരണത്തിലേറുകയാണെങ്കില്‍ 25 ലക്ഷം എന്നതില്‍ നിന്നും 50 ലക്ഷമായി ചികിത്സ ധനസഹായം ഉയര്‍ത്തുമെന്നും എംപി പറഞ്ഞു. കൂടാതെ 500 രൂപയ്‌ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കും. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.