കന്യാകുമാരി: രാജ്യത്ത് യുവജനങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്‌മ രൂക്ഷമാണെന്നും ഭിന്നശേഷിക്കാർക്ക് തുല്യ അവസരങ്ങൾ നൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിൽ നിന്ന് കശ്‌മീരിലേക്ക് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തമിഴ്‌നാട്ടിലെ പര്യടനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരള-തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിലേക്കുള്ള യാത്രാമധ്യേ ജില്ലയിലെ ഭിന്നശേഷിക്കാരായ അവകാശ പ്രവർത്തകരുമായും കോൺഗ്രസ് നേതാവ് സംവദിച്ചു.
പദയാത്രയുടെ നാലാം ദിവസം തമിഴ്‌നാട്ടിലെ ആദ്യ വനിത ബസ് ഡ്രൈവറായ വസന്തകുമാരിയുമായി കൂടിക്കാഴ്‌ച നടത്തിയ രാഹുൽ ഗാന്ധി, മാർത്താണ്ഡത്ത് ശുചീകരണ തൊഴിലാളികളുമായും ജില്ലയില്‍ തൊഴിലില്ലായ്‌മ നേരിടുന്ന ഒരു കൂട്ടം യുവാക്കളുമായും സംവദിച്ച ശേഷമാണ് കേരളത്തിലേക്ക് പ്രവേശിച്ചത്.
READ MORE: ഭാരത് ജോഡോ യാത്ര കേരളത്തിൽ ; പാറശാലയിൽ ഉജ്വല വരവേൽപ്പ്
'തുല്യ അവസരമാണ് ശരിയായ ഉൾക്കൊള്ളല്‍, അതിൽ കുറഞ്ഞതെന്തും അസ്വീകാര്യമാണ്,' ഭിന്നശേഷിക്കാരായ അവകാശ പ്രവർത്തകരുമായുള്ള ആശയവിനിമയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 'യുവജനങ്ങളിൽ 42 ശതമാനത്തോളം പേരും തൊഴിൽരഹിതരാണ്. അവരുടെ ഭാവി സുരക്ഷിതമല്ലെങ്കിൽ ഭാരതത്തിന്‍റെ ഭാവി സുരക്ഷിതമാണോ? നമ്മുടെ പദയാത്ര അവർക്ക് വേണ്ടിയും തൊഴിലിന് വേണ്ടിയുമാണ്'- അദ്ദേഹം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടിലേത് പൂർത്തിയാക്കി ഇന്ന് (11.09.22) കേരളത്തിൽ പര്യടനം ആരംഭിച്ചിരിക്കുകയാണ്. പദയാത്രയ്ക്ക് കേരള-തമിഴ്‌നാട് അതിർത്തിയായ പാറശാലയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ്റെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് നൽകിയത്.