ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന്‍റെ പരാജയപ്പെട്ട നയങ്ങളാണ് രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗത്തിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡിന്‍റെ രണ്ടാം തരംഗമെത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗത്തിന് കാരണം കേന്ദ്രത്തിന്‍റെ തെറ്റായ നയം: രാഹുൽ ഗാന്ധി
കൊവിഡിന്‍റെ രണ്ടാം തരംഗമെത്തിയതോടെ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വാക്‌സിനേഷൻ വർധിപ്പിക്കണമെന്നും കുടിയേറ്റ തൊഴിലാളികൾക്ക് പണം നൽകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇത് സമ്പദ്‌വ്യവസ്ഥ തിരികെ കൊണ്ടു വരുന്നതിനും സാധാരണ ജനങ്ങളുടെ ജീവിതത്തിന് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അഹംഭാവമുള്ള സർക്കാർ നല്ല നിർദേശങ്ങളോട് അലർജി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതും മുംബൈ, ഡൽഹി തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ലോക്ക്‌ഡൗണിനുള്ള സാധ്യതയുള്ളതിനാലും കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്.
അതേ സമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 1,32,05,926 ആയി ഉയരുകയും ചെയ്‌തു.