ശ്രീനഗര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്. ജമ്മു കശ്‌മിര്‍ പിസിസി ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതാക ഉയര്‍ത്തും. ഷേർ-ഇ-കശ്‌മീർ സ്റ്റേഡിയത്തില്‍ രാവിലെ 11 മണി മുതലാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്.
136 ദിവസമായിരുന്നു യാത്ര. പ്രശസ്‌ത ഗായിക രേഖ ഭരദ്വാജും സംഗീതസംവിധായകൻ വിശാൽ ഭരദ്വാജും ചേര്‍ന്നുള്ള സംഗീത പരിപാടിയും സമാപന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുമെന്നും കോണ്‍ഗ്രസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 10:30നാണ് സംഗീത പരിപാടി ആരംഭിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സമാപന സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്.
അഞ്ച് മാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 4080 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. യാത്രയില്‍ 12 പൊതുയോഗങ്ങളിലും 100ലധികം കോര്‍ണര്‍ മീറ്റിങ്ങുകളിലും 12 വാര്‍ത്ത സമ്മേളനങ്ങളിലും അദ്ദേഹം സംസാരിച്ചിരുന്നു.
ഭാരത് ജോഡോ യാത്രയുടെ നാള്‍വഴികള്‍: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്‌ത രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പര്യടനം 2022 സെപ്‌റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ നാല് ദിവസമായിരുന്നു ഭാരത് ജോഡോ യാത്ര നീണ്ട് നിന്നത്. അവിടെ നിന്നും കേരളത്തിലേക്കാണ് യാത്ര എത്തിയത്.
ഭാരത് ജോഡോ യാത്രയുടെ തുടക്കം
വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുട നേതൃത്വത്തിലെത്തിയ ഭാരത് ജോഡോ യാത്രക്ക് കേരളത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് കേരള നേതാക്കള്‍ ഒരുക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിന വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി എത്തിയതും, അതിന് സിപിഎമ്മിന്‍റെ മറുപടിയും കേരളത്തില്‍ ചര്‍ച്ചയായി. കൂടാതെ എറണാകുളത്ത് സ്ഥാപിച്ച ഭാരത് ജോഡോ യാത്രയുടെ ബാനറില്‍ ആര്‍ എസ് എസ് നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടതും സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
ഭാരത് ജോഡോ യാത്ര കേരളത്തില്‍
ബെല്ലാരിയില്‍ പിന്നിട്ടത് 1,000 കിലോമീറ്റര്‍:സെപ്‌റ്റംബര്‍ 10ന് കേരളത്തില്‍ പ്രവേശിച്ച പര്യടനം 18 ദിവസം നീണ്ട് നിന്നിരുന്നു. തുടര്‍ന്ന് സെപ്‌റ്റംബര്‍ 30നാണ് യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ വച്ച് യാത്ര 1,000 കിലോമീറ്റര്‍ പിന്നിട്ടു. സോണിയ ഗാന്ധിയുടെ സാന്നിധ്യവും കര്‍ണാടകയിലെ പര്യടനത്തിനിടെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജമായി.
മഹാരാഷ്‌ട്രയില്‍ നവംബര്‍ 7നാണ് രാഹല്‍ ഗാന്ധിയുടെ ഭാരത പര്യടനം എത്തിയത്. സംസ്ഥാനത്ത് 14 ദിവസം നീണ്ട യാത്രയില്‍ സഖ്യ കക്ഷികളായ ശിവസേനയും എന്‍സിപിയും പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ദയാഹര്‍ജി എഴുതി നല്‍കി സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു എന്ന വിമര്‍ശനം ഇവിടെ വച്ചായിരുന്നു രാഹുല്‍ നടത്തിയത്.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിയ ഗാന്ധി
നവംബര്‍ 23നാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്കെത്തിയത്. രാഹുലിനൊപ്പം പ്രിയങ്കഗാന്ധി യാത്രയില്‍ പങ്കാളിയായത് ഇവിടെ വച്ചായിരുന്നു. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ താടിയെ കുറിച്ചുള്ള ബിജെപി പരിഹാസം ഉണ്ടായത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രാഹുലിന്‍റെ താടിയെ സദ്ദാം ഹുസൈന്‍റെ താടിയോട് ഉപമിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
കോണ്‍ഗ്രസിന്‍റെ രാജസ്ഥാനില്‍ നൂറാം ദിനം:ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ജോഡോ യാത്ര പ്രവേശിച്ചു. പാര്‍ട്ടിക്കുള്ളില്‍ പരസ്‌പരം പോരടിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമിച്ച് നിര്‍ത്തി. ഡിസംബര്‍ 16ന് യാത്ര 100ാം ദിനം പിന്നിട്ടു.
ഡിസംബര്‍ 21ന് ഹരിയാനയിലെത്തിയ യാത്ര 24ന് ഡല്‍ഹിയില്‍ പ്രവേശിച്ചു. രാജ്യതലസ്ഥാനത്ത് എത്തിയതോടെ ചെങ്കോട്ടയില്‍ വലിയ റാലിയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. തുടര്‍ന്ന് 9 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം യാത്ര ഉത്തര്‍പ്രദേശിലേക്ക് കടന്നു.
ജനുവരി 3ന് യുപിയില്‍ പ്രവേശിച്ച യാത്ര അഞ്ച് ദിവസമാണ് നീണ്ടുനിന്നത്. തണുപ്പ് കാലത്ത് ടീ ഷര്‍ട്ട് മാത്രം ധരിച്ചുള്ള രാഹുലിന്‍റെ യാത്ര ഈ സമയം വലിയ ചര്‍ച്ചയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ജനുവരി പത്തിന് ഭാരത് ജോഡോ യാത്ര പഞ്ചാബിലെത്തി. പഞ്ചാബിലെ യാത്രക്കിടെയാണ് എംപി സന്തോഖ് സിങ് ചൗധരി ഹൃദയാഘാതത്തെ തുര്‍ന്ന് മരണപ്പെട്ടത്. 11 ദിവസമായിരുന്നു സംസ്ഥാനത്തെ പര്യടനം. പിന്നാലെ യാത്ര എത്തിയത് ജമ്മു കശ്‌മീരിലേക്കായിരുന്നു.
കശ്‌മീരില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്രയിലെ ഏറ്റവും വലിയ വിവാദം കോണ്‍ഗ്രസ് നേരിട്ടത്. സര്‍ക്കില്‍ സ്‌ട്രൈക്കിന് ദിഗ്‌വിജയ് സിങ് തെളിവ് ചോദിച്ചത് ബിജെപി രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ആയുധമാക്കി. ഭാരത് ജോഡോ യാത്ര സമാപനത്തോടടുത്തപ്പോള്‍ ലാല്‍ ചൗക്കിലെ പതാക ഉയര്‍ത്തലും, രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പ്രശ്‌നവുമാണ് അവസാനം ചര്‍ച്ചയായത്.
ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി
ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി രാഹുല്‍ ഗാന്ധി:ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന് നടക്കാനിരിക്കെ ഇന്നലെയാണ് ലാല്‍ ചൗക്കിലെ പ്രസിദ്ധമായ ക്ലോക്ക് ടവറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും സംസ്ഥാന നേതാക്കളും ലാല്‍ ചൗക്കിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ താന്‍ രാജ്യത്തിന് നല്‍കിയ വാഗ്‌ദാനം നിറവേറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.