ഗുവാഹത്തി: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി പരാവധി ശിക്ഷയ്‌ക്ക് സ്‌റ്റേ നല്‍കിയതിനെ തുടര്‍ന്ന് രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്‌ക്കായി തയ്യാറെടുത്ത് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന സെപ്‌റ്റംബര്‍ മാസത്തിലാണ് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം നടക്കാനൊരുങ്ങുന്നത് എന്നാണ് വിവരം. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്‌ക്കുള്ളിലും ആവേശം ഉണര്‍ത്തുന്നതാണ്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവും അസം പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പരമോന്നത നീതിപീഠത്തിന്‍റെ തീരുമാനം ജനാധിപത്യത്തിന്‍റെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ മൂല്യവും ജനാധിപത്യത്തിന്‍റെ അടിത്തറയും നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പങ്ക് അദ്ദേഹം ഉയര്‍ത്തി കാണിച്ചു.
ഈ അവസരത്തിലാണ് അദ്ദേഹം ഭാരത് ജോഡോ യാത്രയുടെ രണ്ടാം വരവിനെ കുറിച്ച് സൂചനകള്‍ നല്‍കിയത്. സെപ്‌റ്റംബര്‍ മാസത്തിന്‍റെ ആദ്യ പകുതിയോടെ യാത്ര ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സൂചന നല്‍കിയത് രാഹുല്‍ ഗാന്ധിയെന്ന് സൈകിയ: 'രാജ്യത്തെ സേവിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പ്രതിജ്ഞാബദ്ധനായിരിക്കുന്നുവെന്ന് സുപ്രീം കോടതി വിലയിരുത്തി. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടുവെങ്കിലും തന്‍റെ ദൗത്യം തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു' - ദേബബ്രത സൈകിയ പറഞ്ഞു.