ഹൈദരാബാദ്: പിന്നിട്ടത് 103 ദിവസങ്ങൾ, എട്ട് സംസ്ഥാനങ്ങൾ... ഇന്ത്യയുടെ മനസറിഞ്ഞ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി നടക്കുമ്പോൾ ഓരോ ദിവസവും ഒപ്പം നടന്നത് ആയിരങ്ങൾ. അതിനിടയില്‍ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ഗുജറാത്തിലും ഹിമാചലിലും നിയമസഭ തെരഞ്ഞെടുപ്പ്, ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ, പാർലമെന്‍റ് സമ്മേളനം...
ഭാരതത്തിന്‍റെ മനസിലേറാൻ രാഹുല്‍ എല്ലാം സംഭവിക്കുമ്പോഴും ഭാരത് ജോഡോ യാത്ര മുടക്കമില്ലാതെ തുടർന്നു. മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നാവിക സേനയുടെ മുൻ ചീഫ് അഡ്‌മിറല്‍ എല്‍ രാംദാസ്, സിനിമ രംഗത്തു നിന്നുള്ള പൂജ ബട്ട്, റിയ സെൻ, സുശാന്ത് സിങ്, സ്വര ഭാസ്‌കർ, അമോല്‍ പലേക്കർ എന്നിങ്ങനെ പ്രമുഖർ പലരും രാഹുലിനൊപ്പം നടക്കാനെത്തി.
രാഹുല്‍ നടക്കാൻ തുടങ്ങുന്നു:2022 സെപ്‌റ്റംബർ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര കേരളത്തിന്‍റെ അതിർത്തി കടന്നപ്പോൾ വൻ സ്വീകരണമാണ് ലഭിച്ചത്. കന്യാകുമാരി മുതല്‍ കശ്‌മീർ വരെ 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ പിന്നിടുക എന്നത് മാത്രമല്ല കോൺഗ്രസും രാഹുല്‍ ഗാന്ധിയും ലക്ഷ്യമിട്ടത്, എന്ന് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളില്‍ എതിർപക്ഷത്തുള്ളവർ പോലും മനസിലാക്കിക്കഴിഞ്ഞിരുന്നു. കേരളത്തില്‍ വലിയ എതിർപ്പും വിവാദവും സിപിഎം സൃഷ്‌ടിച്ചെങ്കിലും യാത്രദിനങ്ങളുടെ എണ്ണം കൂടിയപ്പോൾ സിപിഎം നിലപാട് മാറ്റി.
ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ സൃഷ്‌ടിച്ച പ്രതിച്ഛായ അല്ല, ഭാരത് ജോഡോ യാത്ര 103 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്നത് എന്ന് വ്യക്തമാണ്. ജനങ്ങൾക്ക് അപ്രാപ്യനായ രാഷ്ട്രീയക്കാരൻ എന്ന നിലയില്‍ നിന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയില്‍ നില്‍ക്കാനും നടക്കാനും മാത്രമല്ല, കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും താഴെത്തട്ടിലെ അണികൾക്ക് പോലും പ്രാപ്യനായ രാഷ്ട്രീയ നേതാവിലേക്ക് രാഹുല്‍ ചുവടുറപ്പിക്കുകയാണ്.
ചേർത്ത് നിർത്തിയും കൈപിടിച്ച് ഓടിയും: ദിവസവും 20 കിലോമീറ്ററാണ് അൻപത്തിരണ്ടുകാരനായ രാഹുലും സംഘവും നടക്കുന്നത്. കനത്ത സുരക്ഷ സജ്ജീകരണങ്ങൾക്കിടയിലും ജാഥയില്‍ ഒപ്പം ചേർന്നവരെ അടുത്തുകാണാനും സംസാരിക്കാനും ചിത്രങ്ങൾ എടുക്കാനും രാഹുല്‍ സമയം കണ്ടെത്തി. അതില്‍ കുട്ടികളും മുതിർന്നവരും സെലിബ്രറ്റികളും വിരമിച്ച സൈനികരും എല്ലാം ഉൾപ്പെട്ടു.
വള്ളംകളിയില്‍ പങ്കുചേർന്നും ജാഥയ്‌ക്കിടയില്‍ ചെരിപ്പ് നഷ്‌ടമായ കുട്ടിക്ക് ചെരിപ്പിടാൻ സഹായിച്ചും നാടൻ തട്ടുകളില്‍ കയറി ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ചും കേരളവുമായുള്ള ബന്ധം രാഹുല്‍ വർധിപ്പിച്ചു. കർണാടകയിലെത്തിയപ്പോൾ കൂടുതല്‍ ക്ഷീണിതനായല്ല, കൂടുതല്‍ ഊർജസ്വലനായ രാഹുലിനെയാണ് ഭാരതം കണ്ടത്. ജാഥയ്‌ക്കിടയില്‍ എഴുപത്തിയഞ്ചുകാരനായ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈപിടിച്ച് രാഹുല്‍ ഓടി.
ജാഥാംഗങ്ങൾ ഒപ്പം ചേർന്ന് ഓടിയപ്പോൾ 'രംഗം ശാന്തമാക്കാൻ' കോൺഗ്രസ് നേതാവ് കെസി വേണുഗാപാലിന് ഇടപെടേണ്ടി വന്നു. ജാഥയ്‌ക്കിടയിലെ രാഹുലിന്‍റെ ഓട്ടം അവിടം കൊണ്ടും തീർന്നില്ല, മാണ്ഡ്യയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് ഡികെ ശിവകുമാറിന്‍റെ കൈപിടിച്ചും രാഹുല്‍ ഓടി. യാത്ര ഗ്രാമങ്ങളിലൂടെയായപ്പോൾ പ്രവർത്തകർക്കൊപ്പം വലിയ വാട്ടർടാങ്കിന് മുകളില്‍ കയറി ദേശീയ പതാക വീശി.
മാണ്ഡ്യയില്‍ രാഹുലിനൊപ്പം നടക്കാൻ അമ്മ സോണിയ ഗാന്ധിയുമെത്തിയതോടെ ഭാരത് ജോഡോ യാത്ര കൂടുതല്‍ ആവേശമായി. തെലങ്കാനയിലെത്തിയപ്പോഴും ഓട്ടം നിർത്തിയില്ല. അവിടെ പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡിയുടെ കൈപിടിച്ചാണ് രാഹുല്‍ ഓടിയത്. തെലങ്കാനയിലാണ് സിനിമ താരം പൂജ ബട്ട് രാഹുലിനൊപ്പം നടക്കാനെത്തിയത്.
ചാർമിനാറില്‍ ദേശീയ പതാക: രാഹുലിന്‍റെ അച്ഛനും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 32 വർഷങ്ങൾക്ക് മുൻപ് സദ്‌ഭാവന യാത്ര ആരംഭിച്ചത് ഹൈദരാബാദിലെ പ്രശസ്‌തമായ ചാർമിനാറിന്‍റെ മുന്നില്‍ നിന്നാണ്. ആ ഓർമകളില്‍ ചാർമിനാറിന് മുന്നില്‍ നിന്ന് ദേശീയ പതാക വീശിയാണ് രാഹുല്‍ ഗാന്ധി യാത്ര തുടർന്നത്. മധ്യപ്രദേശില്‍ ബുള്ളറ്റ് റാലിയും രാജസ്ഥാനില്‍ കാളവണ്ടി യാത്രയും ഭാരത് ജോഡോയുടെ ഭാഗമായി.
തെലങ്കാനയിലെ യാത്രയ്ക്കിടയില്‍ പരിക്കേറ്റ സ്ത്രീകൾക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയും രാജസ്ഥാനില്‍ എൺപത്തിയെട്ടുകാരനായ ജാഥാംഗം കരുണ പ്രസാദ് മിശ്രയെ ചേർത്ത് പിടിച്ചും രാഹുല്‍ സോഷ്യല്‍ മീഡിയയിലും ചർച്ചകൾ സൃഷ്‌ടിച്ചു. ജാഥയുടെ വിശ്രമ വേളകളില്‍ അതത് പ്രദേശങ്ങളിലെ മത- സാമുദായിക നേതാക്കൻമാർ, വിവിധ രംഗങ്ങളിലെ പ്രമുഖർ എന്നിവരെ നേരില്‍ കണ്ടു സംസാരിച്ചു. ആദിവാസി വിഭാഗങ്ങൾക്കൊപ്പം അവരുടെ തനത് കലാരൂപങ്ങൾ ആസ്വദിച്ചും ചെണ്ട കൊട്ടിയും നൃത്തം ചെയ്‌തും രാഹുല്‍ ഇതുവരെയില്ലാത്ത വിധം ജനങ്ങളില്‍ ഒരാളായി. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഒരാളെത്തി എന്ന പ്രതീതി സൃഷ്‌ടിച്ചപ്പോൾ ദക്ഷിണേന്ത്യയില്‍ കോൺഗ്രസിന് ലഭിച്ച ഊർജം ചെറുതല്ല.
സഹയാത്രികരും മാധ്യമപ്രവർത്തകരും യാത്രയിലുടനീളം എടുക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുമ്പോൾ കോൺഗ്രസ് ദീർഘകാലമായി ആഗ്രഹിച്ച പിന്തുണ പല കോണില്‍ നിന്നും വന്നു ചേർന്നു. മുതിർന്ന സ്ത്രീകൾ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുമ്പോൾ അച്ഛൻ രാജീവ് നടത്തിയ സദ്‌ഭാവന യാത്രയാണ് പല കോൺഗ്രസ് പ്രവർത്തകരും ഓർത്തെടുത്തത്.
ലോകകപ്പ് ക്രിക്കറ്റും ഫുട്‌ബോളും കണ്ടും കളിച്ചും:യാത്രയ്ക്കിടയില്‍ കേരളത്തില്‍ വള്ളംകളിയില്‍ പങ്കെടുത്തത് മാത്രമല്ല, ലോകകപ്പ് ടി20 ക്രിക്കറ്റ് നടക്കുന്ന സമയത്ത് തെലങ്കാനയിലെ തെരുവില്‍ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച രാഹുല്‍ ലോകകപ്പ് ഫുട്‌ബോൾ എത്തിയപ്പോൾ പന്തുതട്ടാനും വലിയ സ്ക്രീനില്‍ മത്സരം ആസ്വദിക്കാനും സമയം കണ്ടെത്തി. ബാഡ്‌മിന്‍റണും കരാട്ടെയും തനിക്ക് ഇഷ്‌ടമാണെന്ന് മധ്യപ്രദേശിലും തെലങ്കാനയിലും രാഹുല്‍ കളിച്ച് വ്യക്തമാക്കി.
പിന്നിട്ടത് 2800 കിലോമീറ്റർ:ഡിസംബർ 24ന് ഇന്ദ്രപ്രസ്ഥത്തിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്ര അതിനു ശേഷം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് വഴി ജമ്മുകശ്‌മീരില്‍ അവസാനിക്കും. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, മക്കൾ നീതിമയ്യം നേതാവും സിനിമ താരവുമായ കമല്‍ ഹാസൻ, മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ആദിത്യ താക്കറെ, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരെല്ലാം രാഹുലിന്‍റെ യാത്രയില്‍ മനസുകൊണ്ടോ ശരീരം കൊണ്ടോ ഒപ്പമുണ്ടായി.
കോൺഗ്രസിനും ബിജെപി ഇതര പാർട്ടികൾക്കും സ്വാധീനമുള്ള മേഖലകളിലെല്ലാം രാഹുലിന്‍റെ യാത്ര ചർച്ചയാണ്. വിശേഷിച്ചും കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണ് യാത്ര നല്‍കിയത്. ഇത് ഏതെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയല്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷേ വരാനിരിക്കുന്ന കർണാടക, തെലങ്കാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനും കോൺഗ്രസ് സഖ്യം ആഗ്രഹിക്കുന്ന പാർട്ടികൾക്കും രാഹുലും ഭാരത് ജോഡോ യാത്രയും വലിയ ഊർജമാണ് സമ്മാനിച്ചിരിക്കുന്നത്.