ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും. ഇരുവരുടെയും ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസ് നേതാക്കളെന്ന നിലയിലുള്ള സമീപ രാഷ്ട്രീയ വര്‍ത്തമാനകാലത്തെ വരെയുള്ള അടുത്ത ബന്ധം വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇന്ന് (11.08.2022) സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. "ഞാനും എന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും കുട്ടിക്കാലം മുതല്‍ ഒരുമിച്ചാണ്, ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ച്ചകളും ഒരുമിച്ച് കണ്ടിട്ടുണ്ട്, എന്നും പരസ്‌പരം ധൈര്യവും ശക്തിയുമായി ഉണ്ടാവും" എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ചിത്രം പോസ്‌റ്റ് ചെയ്തത്. ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധിപേരും രംഗത്തെത്തി.
ഇന്ന് രാഖി ദിനത്തിൽ, എല്ലാ സഹോദരങ്ങൾക്കും സഹോദരിമാർക്കുമിടയിൽ സ്നേഹം ഉണ്ടാകട്ടെ എന്ന് താന്‍ ആശംസിക്കുന്നുവെന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു. ഇരുവരും പങ്കുവെച്ച ചിത്രങ്ങളില്‍ ചിലത് കുട്ടിക്കാലം മുതലുള്ളതും ചിലത് സമീപകാലങ്ങളിൽ നിന്നുള്ളതുമാണ്. സഹോദര- സഹോദരി സ്നേഹ പ്രകടനത്തില്‍ മുൻ പ്രധാനമന്ത്രിമാരായ തങ്ങളുടെ മുത്തശ്ശി ഇന്ദിരാഗാന്ധിക്കൊപ്പമുള്ളതും, പിതാവ് രാജീവ് ഗാന്ധിക്കൊപ്പമുള്ളതുമായ ചിത്രങ്ങളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.