ശ്രീനഗര്‍:ബുദ്‌ഗാമില്‍ സര്‍ക്കാര്‍ ഓഫീസില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ റവന്യു വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുവില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ജമ്മു കശ്‌മീരിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കൊല്ലപ്പെട്ട ചദോര സ്വദേശി രാഹുല്‍ ഭട്ടിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനഗരമായ ശ്രീനഗറില്‍ ഉള്‍പ്പെടെ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു.
തീവ്രവാദി ആക്രമണത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജമ്മുവില്‍ ആളിപടര്‍ന്ന് പ്രതിഷേധം അതിനിടെ വെള്ളിയാഴ്‌ച ബുദ്‌ഗാമിലെ ഷേയ്‌ഖപോറയിൽ നിന്നും ശ്രീനഗര്‍ അന്താരാഷ്‌ട്ര വിമനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് പൊലീസിന് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നതെന്ന് പൊലീസ് അറിയിച്ചു.
തീവ്രവാദി ആക്രമണം നടന്ന പ്രദേശം ഗവര്‍ണര്‍ മനോജ് സിംഹ സന്ദര്‍ശിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും നീതിയും ഭരണകൂടം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.
Also Read: തഹസിൽദാര്‍ ഓഫിസിൽ തീവ്രവാദി വെടിവയ്‌പ്പ്; റവന്യു വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു
രാവിലെ 11 മണി വരെ ഗവര്‍ണര്‍ ഞങ്ങളെ കാണാൻ വരുമെന്നാണ് കരുതിയത് പക്ഷേ അതുണ്ടായില്ല. മറ്റ് മാര്‍ഗമില്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നും പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബുദ്‌ഗാം വഴി പോകുന്ന വാഹനങ്ങള്‍ നിലവില്‍ നര്‍കാര വഴി തിരിച്ചുവിട്ടിരിക്കുകയാണ്. എയര്‍പോര്‍ട്ട് റോഡ് ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗമായതിനാല്‍ കൂടുതല്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.