റാഞ്ചി: ജാര്‍ഖണ്ഡിലെ ലത്തേഹഡ് ജില്ലയിൽ രോഗബാധിതരാകുന്നവരെ ചികിത്സിക്കാനായി ആദ്യം ഓടിയെത്തുന്നത് രാധയാണ്. രാധയെന്ന വിളിയിൽ മറ്റെല്ലാം മാറ്റിവെച്ച് രാധ രോഗികളെ സഹായിക്കാനെത്തും. നൂറോളം പേരുടെ ജീവൻ രക്ഷിച്ച രാധ ഒരിക്കൽ സ്വന്തം ജീവൻ ത്യജിക്കാൻ ശ്രമിച്ചിട്ടുണ്ട്. 16 വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്‍റെ പീഡനം കൊണ്ട് പൊറുതി മുട്ടിയാണ് രാധ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാധാ ദേവിയുടെ മുന്‍ കാല ജീവിതം വളരെയധികം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. കൂലി വേല ചെയ്‌താണ് അവര്‍ കുട്ടികളെ പരിപാലിച്ചു പോന്നിരുന്നത്. മദ്യപാനിയായ ഭര്‍ത്താവിന്‍റെ പീഡനത്തിനും രാധ ഇരയാകുമായിരുന്നു. ആത്മഹത്യാ ശ്രമത്തിനിടയില്‍ രാധയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. ഭാഗ്യവശാൽ പരിക്കുകളിൽ നിന്നും രാധ സുഖം പ്രാപിച്ചു.
ലത്തേഹഡിലെ തര്‍വാതിഹ് പഞ്ചായത്തിന്‍റെ രക്ഷകയായി രാധ പൊള്ളല്‍ മൂലം പരിക്കുകളിൽ നിന്നും രാധ വീണ്ടും ജീവിതമെന്ന ട്രാക്കിലേക്ക് തിരികെ വന്നു. അക്കാലത്താണ് ഗ്രാമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കാൻ നടപടികള്‍ ആരംഭിച്ചത്. ഇതിലൂടെ പുതിയ ജീവിതത്തിലേക്ക് രാധ പ്രവേശിച്ചു. സ്ത്രീകളുടെ പ്രസവം ആശുപത്രികളിലാക്കേണ്ടതിന്‍റെ പ്രാധാന്യം ആളുകളെ രാധ ബോധ്യപ്പെടുത്തി. പ്രസവം വീട്ടില്‍ നടത്തുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഗ്രാമവാസികളെ പറഞ്ഞു മനസിലാക്കി. ആളുകളെ ചികിത്സിക്കാനായി രാവും പകലുമില്ലാതെ രാധ പ്രവർത്തിക്കാൻ തുടങ്ങി.
രാധയുടെ ഇടപെടലുകള്‍ അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം എത്രമാത്രം മെച്ചപ്പെടുത്തുന്നുവെന്ന് മനസിലാക്കിയ ഗ്രാമവാസികൾ ആരോഗ്യ പ്രശ്‌ന പരിഹാരത്തിനായി ആദ്യം രാധയെ വിളിക്കാൻ തുടങ്ങി. തന്‍റെ മേല്‍നോട്ടത്തിലുള്ള ഗ്രാമങ്ങളിൽ എല്ലാം രാധ ദിവസേന സന്ദര്‍ശനം നടത്തി. ക്ഷയം, കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതിയും രാധ മനസിലാക്കി. രാധയുടെ സേവന തല്‍പരത മനസിലാക്കിയ ഗ്രാമീണര്‍ രാധചേച്ചിയെന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്.
സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയ രാധയ്ക്ക് ഒരിക്കലും പുറകോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച രാധ ഇന്ന് പലരുടെയും ജീവിതം തിരികെ നൽകുകയാണ്. ജില്ലാ-സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ രാധക്ക് ലഭിച്ചിട്ടുണ്ട്. രാധയുടെ ആത്മാര്‍പ്പണവും പ്രതിജ്ഞാബദ്ധതയും മനസിലാക്കിയ മുഖ്യമന്ത്രി വരെ രാധയ്ക്ക് പ്രശംസയുമായി എത്തിയിട്ടുണ്ട്.
ഗ്രാമമുഖ്യനും സിവില്‍ സര്‍ജനും ഡെപ്യൂട്ടി കമ്മിഷണറും അടക്കമുള്ളവരിൽ നിന്നും രാധ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹം രാധയെ വല്ലാതെ സന്തോഷിപ്പിക്കുന്നു. തന്‍റെ ദുരിത കാലത്തെ കുറിച്ചും താന്‍ നേരിട്ട കടുത്ത പീഡനങ്ങളെ കുറിച്ചൊന്നും ഓർമിക്കാൻ രാധയ്ക്ക് സമയമില്ല. മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതിലും അവരുടെ ജീവിതത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാലും ഏറെ സന്തോഷവതിയാണ് രാധ. ഒരിക്കൽ പ്രതിസന്ധികള്‍ നേരിടാനാകാതെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച രാധ ഇന്ന് സമൂഹത്തിനൊരു മാതൃകയായാണ് മാറിയത്. പ്രയാസങ്ങള്‍ക്ക് മുന്നില്‍ പരാജയം സമ്മതിക്കുന്നവര്‍ക്ക് രാധാദേവിയുടെ ജീവിതം വലിയ പാഠവുമാണ്.