ഹൈദരാബാദ്: അന്താരാഷ്‌ട്ര നീന്തല്‍ മത്സരത്തില്‍ അഭിമാനനേട്ടവുമായി നടനും സംവിധായകനുമായ ആര്‍ മാധവന്‍റെ മകന്‍ വേദാന്ത് മാധവന്‍. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ എയ്‌ജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. അഞ്ച് സ്വര്‍ണമാണ് വേദാന്ത് സ്വന്തമാക്കിയത്.
മകന്‍റെ മികച്ച നേട്ടം സമൂഹമാധ്യമങ്ങളിലൂടെയാണ് മാധവന്‍ പങ്കുവച്ചത്. മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമുള്ള തന്‍റെ മകന്‍റെ ചിത്രവും ഒപ്പം ഭാര്യയുടെ ചിത്രവും മാധവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വേദാന്തിന്‍റെ അഭിമാന നേട്ടത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് അനുഷ്‌ക ശര്‍മ, ലാറ ദത്ത തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
അടുത്തിടെയായി മകന്‍ പങ്കെടുത്ത മത്സരവേദികളില്‍ നിന്നുള്ള ചിത്രവും മാധവന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ഇന്ത്യന്‍ പതാകയും സ്വന്തമാക്കിയ മെഡലുകളും പിടിച്ചായിരുന്നു വേദാന്ത് കാമറയ്‌ക്ക് മുമ്പില്‍ പോസ് ചെയ്‌തത്. ഒരു ചിത്രത്തില്‍ മാധവന്‍റെ ഭാര്യ സരിത ബിര്‍ജിയേയും കാണാന്‍ സാധിക്കും.
മാധവന്‍റെ അഭിമാന പോസ്‌റ്റ്: വേദാന്ത് നേടിയ മെഡലിന്‍റെ ക്ലോസപ്പ് ഫോട്ടോയും പോസ്‌റ്റില്‍ താരം ഉള്‍പെടുത്തിയിരുന്നു. 'ദൈവത്തിന്‍റെ അനുഗ്രഹവും നിങ്ങളുടെ ആശംസകള്‍കൊണ്ട് 2023 വര്‍ഷത്തില്‍ ആഴ്‌ചയുടെ അവസാന ദിവസം കോലാലംപൂരില്‍ വച്ച് സംഘടിപ്പിച്ച മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ എയ്‌ജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്കായി വേദാന്ത് അഞ്ച് ഗോള്‍ഡ് മെഡലുകള്‍ സ്വന്തമാക്കി. സന്തോഷം തോന്നുന്നു. പ്രതീപ് സാറിന് നന്ദി'- ചിത്രവും ഹാര്‍ട്ട് ഇമോജിയും പങ്കുവച്ചുകൊണ്ട് മാധവന്‍ കുറിച്ചു.
മാധവന്‍റെ പോസ്‌റ്റില്‍ നിരവധി താരങ്ങളാണ് പ്രതികരണവുമായി എത്തിയത്. 'നിങ്ങള്‍ക്ക് അഭിനന്ദനങ്ങളെന്ന്' അനുഷ്‌ക ശര്‍മ കമന്‍റിട്ടപ്പോള്‍, 'അതിശയകരം, അഭിനന്ദനങ്ങ'ള്‍ എന്ന് ലാറ ദത്ത കമന്‍റ് ചെയ്‌തു. 'മനോഹരമായിരിക്കുന്നു വേദാന്തിനും സരിതയ്‌ക്കും നിങ്ങള്‍ക്കും മുഴുവന്‍ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍', സൂര്യ ശിവകുമാര്‍ കമന്‍റ് ചെയ്‌തു.
റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി വേദാന്ത്: കഴിഞ്ഞ വര്‍ഷം നടന്ന നീന്തല്‍ മത്സരത്തില്‍ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലിലെ ദേശീയ ജൂനിയര്‍ റെക്കോഡ് വേദാന്ത് തകര്‍ത്തിരുന്നു. 48-ാമത് ദേശീയ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു താരം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ 16:01.73 സെക്കന്‍റില്‍ ഫിനിഷ് ചെയ്‌തായിരുന്നു വേദാന്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ഇതോടെ 2017ല്‍ സ്വന്തം നാട്ടുകാരന്‍ കൂടിയായ അദ്വൈദ് പേജ് സ്ഥാപിച്ച 16:16.43 സെക്കന്‍റിന്‍റെ റെക്കോര്‍ഡായിരുന്നു പഴങ്കഥയായത്. ഈ മത്സരത്തില്‍ കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് രണ്ടാം സ്ഥാനവും, ബംഗാളിന്‍റെ ശുഭോജിത് ഗുപ്‌ത മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
റൊമാന്‍റിക് ഹീറോ: തമിഴ്, ഹിന്ദി സിനിമ മേഖലയിലെ പ്രമുഖ അഭിനേതാവും തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനുമാണ് ആര്‍ മാധവന്‍. മണി രത്‌നം സംവിധാനം ചെയ്‌ത 2000ത്തില്‍ പുറത്തിറങ്ങിയ 'അലൈ പായുതെ' എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ശേഷം, ഗൗതം വാസുദേവ് മേനന്‍ സംവിധാനം ചെയ്‌ത ചിത്രങ്ങളായ 'മിന്നലെ', 'മദ്രാസ് ടാക്കീസ്' തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടതിന് ശേഷം റൊമാന്‍റിക് ഹീറോ എന്ന നിലയില്‍ പ്രശസ്‌തനായിരുന്നു മാധവന്‍. 'മാര', 'റോക്കട്രി; ദി നമ്പി എഫക്‌ട്' എന്നിവയായിരുന്നു മാധവന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങള്‍.