അബുദാബി : ഐഐഎഫ്എ 2023ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി നടനും സംവിധായകനുമായ ആര്‍ മാധവന്‍. 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയ്‌ക്കാണ് മാധവന് പുരസ്‌കാരം ലഭിച്ചത്. ശനിയാഴ്‌ചയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.
ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് (ഐഐഎഫ്‌എ) അവരുടെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജില്‍ പുരസ്‌കാരവുമായി നില്‍ക്കുന്ന മാധവന്‍റെ ചിത്രവും കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
'ആർ.മാധവന്‍റെ സംവിധാന മികവ് ഐഐഎഫ്‌എ 2023ല്‍ അദ്ദേഹത്തെ മികച്ച സ്ഥാനത്തെത്തിച്ചു. അദ്ദേഹത്തിന്‍റെ മാസ്‌റ്റര്‍പീസായ 'റോക്കട്രി ദി നമ്പി ഇഫക്‌ട്' മികച്ച സംവിധാന വിഭാഗത്തില്‍ ഐഐഎഫ്‌എ പുരസ്‌കാരം നേടി' - ഇപ്രകാരമായിരുന്നു ഐഐഎഫ്‌എയുടെ കുറിപ്പ്.
ഐഐഎഫ്‌എയുടെ പോസ്‌റ്റിന് പിന്നാലെ കമന്‍റുകളുമായി നിരവധി ആരാധകരും രംഗത്തെത്തി. നിരവധി പേര്‍ ചുവന്ന ഹൃദയങ്ങളും ഫയർ ഇമോജികളുമായി കമന്‍റ് സെക്ഷന്‍ നിറച്ചു. 'മാധവന്‍ സര്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാണ്' - ഒരു ആരാധകന്‍ കുറിച്ചു. 'അഭിനന്ദനങ്ങള്‍' - മറ്റൊരു ആരാധകന്‍ കുറിച്ചു.
Also Read:ഐഐഎഫ്എ അവാര്‍ഡില്‍ തിളങ്ങി ഷേര്‍ഷാ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനം
2022 ജൂൺ ഒന്നിനാണ് ചിത്രം പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്‌തത്. ഓഗസ്‌റ്റ് 5ന് ചിത്രം പാര്‍ലമെന്‍റിലും സ്‌ക്രീന്‍ ചെയ്‌തിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആര്‍ മാധവന്‍ 2022ല്‍ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ഒരുക്കിയത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. മാധവന്‍ തന്നെയായിരുന്നു നമ്പി നാരായണന്‍റെ വേഷം ചെയ്‌തതും. മാധവന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം. നടന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചത്.
ഇന്ത്യ, ഫ്രാൻസ്, കാനഡ, ജോർജിയ, സെർബിയ എന്നിവിടങ്ങളിലായിരുന്നു റോക്കട്രിയുടെ ചിത്രീകരണം. സിനിമയില്‍ ഷാരൂഖ് ഖാനും സൂര്യയും അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ അതിഥി വേഷത്തിനായി ഇരു താരങ്ങളും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാധവന്‍ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
'ഇരുവരും (എസ്‌ആർകെയും സൂര്യയും) സിനിമയില്‍ അഭിനയിച്ചതിന് ഒരു പൈസ പോലും ഈടാക്കിയിട്ടില്ല. കാരവാനുകളോ, വസ്‌ത്രങ്ങളോ, അസിസ്‌റ്റന്‍റുകളെയോ ഒന്നും അവര്‍ ആവശ്യപ്പെട്ടിരുന്നില്ല. ജോലിക്കാരനൊപ്പമാണ് സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ മുംബൈയില്‍ എത്തിയത്. വിമാന യാത്രയ്‌ക്ക് അദ്ദേഹം പണം ഈടാക്കിയതുമില്ല.
Also Read:ഐഐഎഫ്‌എ അവാര്‍ഡ്‌സ് : മികച്ച നടനായി ഹൃത്വിക് റോഷന്‍, പുരസ്‌കാരം വിക്രം വേദയിലെ പ്രകടനത്തിന്
ഇൻഡസ്ട്രിയിൽ ഒരുപാട് നല്ല ആളുകൾ ഉണ്ട്. ഞാൻ പുറത്തുനിന്നും ഉള്ള ആളാണ്. പൂർണ ഹൃദയത്തോടെ എന്നെ സഹായിച്ച നിരവധി ആളുകളെ ഞാൻ എന്‍റെ കരിയറിൽ കണ്ടുമുട്ടിയിട്ടുണ്ട്. എന്‍റെ അഭ്യർഥന മാനിച്ച്, അമിത് ജിയും (അമിതാഭ് ബച്ചന്‍) പ്രിയങ്ക ചോപ്രയും ട്വീറ്റ് പങ്കിട്ടു. (സിനിമയോടുള്ള അവരുടെ പിന്തുണ കാണിക്കാന്‍). അവരുടെ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നന്ദിയുള്ളവനാണ് - മാധവന്‍ പറഞ്ഞു.