ബെംഗളൂരു: മെഡിക്കൽ, ഡെന്‍റൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണമേർപ്പെടുത്തിയതിൽ നന്ദി അറിയിച്ച് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കെ. സുധാകർ ട്വീറ്റിലൂടെ നന്ദി അറിയിച്ചത്.
കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം; നന്ദി അറിയിച്ച് കർണാടക ആരോഗ്യമന്ത്രി
നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
ഈ ദുഷ്‌കരമായ സമയത്ത് രാജ്യസേവനത്തിനായി നിസ്വാർഥമായി ജീവിതം സമർപ്പിച്ച കൊവിഡ് പോരാളികളുടെ ത്യാഗത്തിന് വലിയ അംഗീകാരമാണ് 'വാർഡ്‌സ് ഓഫ് കോവിഡ് വാരിയേഴ്‌സ്' എന്ന പേരിൽ സംവരണം ഏർപ്പെടുത്തിയതെന്നും മന്ത്രി തന്‍റെ ട്വീറ്റിൽ സൂചിപ്പിച്ചു.
2020-21ലെ എംബിബിഎസ് സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ സംവരണത്തെ കുറിച്ച് പരാമർശിക്കുമെന്നും അഞ്ച് എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കാണ് സംവരണം ഏർപ്പെടുത്തിയതെന്നും കേന്ദ്രം അറിയിച്ചു. സെൻട്രൽ പൂളിന് കീഴിലുള്ള മെഡിക്കൽ, ഡെന്‍റൽ കോളജുകളിലേക്കാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 ലെ നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച റാങ്കിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം.