ന്യൂഡൽഹി:രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ഇന്തോ-പസഫിക്കിൽ ക്വാഡ് വാക്‌സിൻ സംരംഭം നിർണായകമെന്ന് ഓസ്‌ട്രേലിയയിൽ നടക്കുന്ന നാലാമത് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നതിനും വാക്‌സിന്‍ ലഭ്യതയില്‍ തുല്യത ഉറപ്പുവരുത്തുന്നതിനും എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ക്വാഡ് വാക്‌സിൻ സംരംഭവും രാജ്യങ്ങൾ കൂട്ടായി വാക്‌സിൻ വിതരണം ചെയ്യുന്നതും ഇന്തോ- പസഫിക് രാജ്യങ്ങൾക്ക് മഹാമാരിയെ നേരിടാൻ വളരെ നിർണായകമാണ്.
മാനുഷിക സഹായവും ദുരന്ത പ്രതികരണവും നൽകാനും തീവ്രവാദം, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, തെറ്റായ വിവരങ്ങൾ എന്നിവ പോലുള്ള ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും ധാരാളം അവസരങ്ങളുണ്ടെന്ന് ക്വാഡ് യോഗത്തിൽ എസ്. ജയശങ്കർ പറഞ്ഞു.
ക്വാഡ് നേതാക്കൾ 2021 മാർച്ചിലാണ് ക്വാഡ് വാക്‌സിൻ പങ്കാളിത്തം പ്രഖ്യാപിച്ചത്. 2022 അവസാനത്തോടെ ഇന്തോ-പസഫിക് മേഖലയിൽ ഒരു ബില്യൺ ഡോസ് ക്വാഡ് വാക്‌സിനുകൾ എത്തിക്കാൻ സംരംഭം ലക്ഷ്യമിടുന്നു. ഉഭയകക്ഷി ചട്ടക്കൂടുകളിലൂടെയും ആസിയാൻ പോലുള്ള സംഘടനകളുമായുള്ള സഹകരണത്തിലൂടെയും ഇൻഡോ-പസഫിക്കിൽ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് ഇന്ത്യ നടത്തുന്നത്. മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങൾ ഇന്തോ-പസഫിക്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്ന് ജയശങ്കർ.