കൊല്‍ക്കത്ത : സംസ്ഥാനത്തെ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പിവിഡി (പബ്ലിക് വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്). മലിനീകരണ തോത് കുറയ്‌ക്കാനായാണ് നടപടി. പഴയ വാഹനങ്ങള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിടി (ദേശീയ ഹരിത ട്രൈബ്യൂണല്‍) പിവിഡിയ്‌ക്ക് നോട്ടിസ് നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് നഗരത്തിലെ മഞ്ഞ ടാക്‌സികള്‍ പൂര്‍ണമായും നിര്‍ത്തലാക്കും.
15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിര്‍ത്തലാക്കും. 2022 ജൂലൈയിൽ കൊൽക്കത്തയിലും ഹൗറയിലും ഓടുന്ന 15 വർഷത്തിലധികം പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളുടെയും ഉപയോഗം ഘട്ടം ഘട്ടമായി നിർത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (NGT) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്തരവ് റദ്ദാക്കിയത് സുപ്രീം കോടതി പിന്‍വലിച്ചത്.
പിവിഡി നല്‍കിയ കണക്കുകള്‍ പ്രകാരം 2018ല്‍ 9,717 മഞ്ഞ ടാക്‌സികളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നഗരത്തില്‍ നിന്ന് പ്രത്യേകിച്ചും കൊല്‍ക്കത്തയിലും ഹൗറയിലും ഓടിയിരുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും ഇപ്പോഴും ചില വാഹനങ്ങള്‍ നിരത്തിലോടുന്നുണ്ട്. അവയെ കണ്ടെത്തി നിര്‍ത്തലാക്കുമെന്നും നഗരത്തിലെ 491 ക്ലാസിക് ക്യാബുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നിര്‍മാണ യൂണിറ്റുകളുടെ അഭാവമാണ് മഞ്ഞ ടാക്‌സികളുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സ്‌നേഹസിസ് ചക്രവര്‍ത്തി പറഞ്ഞു. ബിര്‍ള ഫാക്‌ടറി അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങളായി. കൊല്‍ക്കത്തയിലും ഹൗറയിലും ഇനി മഞ്ഞ ടാക്‌സികള്‍ ഓടരുത്. അവ നിര്‍ത്തലാക്കണം.