കേദാര്‍നാഥ്: ഉത്തരാഖണ്ഡിലെ ഗരുഡ് ചട്ടിയില്‍ തീര്‍ഥാടകരുമായി പോയ ഹെലികോപ്‌റ്റര്‍ തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തര മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. മരണപ്പെട്ട മൂന്ന് പേര്‍ ഗുജറാത്തില്‍ നിന്നും, മറ്റ് മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള യാത്രക്കാരാണെന്നും, അപകടത്തില്‍ മരിച്ച പൈലറ്റ് മുംബൈ സ്വദേശിയാണെന്നും സ്ഥിരീകരിച്ചതായി സ്‌പെഷ്യല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനവ് കുമാര്‍ അറിയിച്ചു.
ആര്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്‌റ്ററാണ് അപകടത്തില്‍പെട്ടത്. നിലവില്‍ കേദാര്‍നാഥിലേയ്‌ക്കുള്ള വ്യോമയാന സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി.
രക്ഷാപ്രവര്‍ത്തകര്‍ ഉടനടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണം. കേദാര്‍നാഥില്‍ നിന്നും ആറ് കിലോമീറ്ററകലെ ധാമിലേയ്‌ക്കുള്ള പഴയ റോഡിലാണ് അപകടം സംഭവിച്ചത്.
കേദാര്‍നാഥിലെ കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്‌റ്റര്‍ എടുക്കണോ വേണ്ടെയോ എന്ന് പൈലറ്റിന് ചിന്തിക്കാം. ഇതോടൊപ്പം സ്വകാര്യ ഹെലി സർവിസുകളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഈ അപകടത്തിന്‍റെ റിപ്പോർട്ട് ഡിജിസിഎയ്ക്കും (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കേന്ദ്രത്തിനും സമർപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സി രവിശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.