ഭുവനേശ്വര്‍ (ഒഡിഷ) : ലോക പ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം പ്രൗഢ ഗംഭീരമായി പര്യവസാനിച്ചു. വൈകുന്നേരം കൃത്യം 4.40 ഓടെ ആരംഭിച്ച ഘോഷയാത്ര വീഥികളില്‍ സാക്ഷിയായ ജനലക്ഷങ്ങള്‍ക്ക് അനുഗ്രഹം സമ്മാനിച്ച് കടന്നുപോയതോടെയാണ് രാജ്യമുറ്റുനോക്കിയ രഥോത്സവത്തിന് സമാപനമായത്. ജഗന്നാഥനായ കൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ മൂന്ന് രഥങ്ങളാണ് രഥയാത്രയുടെ ശ്രദ്ധാകേന്ദ്രം.
രഥോത്സവം ഇങ്ങനെ :ശംഖനാദങ്ങളുടെ ശബ്‌ദവും ജനാരവവും അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നതിനിടയിലൂടെ ബലഭദ്രന്‍റെ 'തലധ്വജ' രഥം ഉരുണ്ടുതുടങ്ങുന്നതോടെയാണ് രഥയാത്ര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി രഥങ്ങളില്‍ അസ്വലാഗി ആചാരം (രഥങ്ങളിൽ മരക്കുതിരകളെ ഉറപ്പിക്കൽ) പൂർത്തിയാക്കും. ഭീമാകാരമായ രഥങ്ങള്‍ ഉരുണ്ടുതുടങ്ങുന്നതോടെ ഭക്തര്‍ ആഹ്ളാദത്തിലാറാടും. പുരി ശ്രീമന്ദിറിനുള്ളിലെത്തി മഹാപ്രഭുവിനെ കാണാനാകാത്തവര്‍ക്കായി ഭഗവാന്‍ നേരിട്ടെത്തുന്നതായാണ് വിശ്വാസം. മാത്രമല്ല ഈ രഥങ്ങള്‍ വലിക്കുന്നതിലൂടെ ഭഗവാൻ ജഗന്നാഥൻ ഭക്തർക്ക് സന്തോഷവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നും ഇതിലൂടെ തടസങ്ങൾ നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.
രഥോത്സവത്തിനിടെ പരിക്കും മരണവും: തലധ്വജ രഥം വലിക്കുന്നതിനിടെ പുരിയിലെ മരിച്ചിക്കോട്ട് ചക്കിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ചുപേരെ ഉടന്‍ തന്നെ പുരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതുകൂടാതെ രഥോത്സവത്തിന്‍റെ തിക്കിലും തിരക്കിലും പെട്ട് 14 പേരെ പുരി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം രഥയാത്ര അഹമ്മദാബാദിലെത്തുമ്പോള്‍ വീടിന്‍റെ ബാല്‍ക്കണി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിൽ നടന്ന രഥയാത്രയ്ക്കിടെ മിന്നലേറ്റ് ഒമ്പത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.