ചണ്ഡിഗഡ് :പുതിയ മുറകളാണ് ഇത്തവണ പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നത്. മുഖ്യമന്ത്രിയേയോ ഉപമുഖ്യമന്ത്രിയേയോ മുന്‍കൂട്ടി പ്രഖ്യാപിച്ച് പാര്‍ട്ടികള്‍ ചരിത്രത്തിലിന്നോളം പഞ്ചാബില്‍ വോട്ടുതേടിയിരുന്നില്ല. എന്നാല്‍ ഇത്തവണ അനൗദ്യോഗികമെങ്കിലും ചില പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെയും ക്യാബിനറ്റിനേയും പ്രഖ്യാപിച്ചുകഴിഞ്ഞു. ജയസാധ്യത ഏറെ കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഈ തന്ത്രം പയറ്റുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.
മോദിയെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി ബിജെപി രാജ്യത്ത് നടത്തിയ അതേ രീതി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ പഞ്ചാബിലും അനുകരിക്കപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഫോണ്‍ കോളില്‍ പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞാണ് ആം ആദ്‌മി പാര്‍ട്ടി ഇത്തവണ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത്. 21 ലക്ഷം പേരില്‍ നടത്തിയ സര്‍വേയില്‍ 93 ശതമാനം പേരും ഭഗവന്ത് മാനെയെ അനുകൂലിക്കുന്നതായി പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും പഞ്ചാബിന് പുതിയ അനുഭവമായിരുന്നു പുതിയ പ്രചാരണ രീതി.
മുഖ്യമന്ത്രിമുഖം വച്ചുള്ള പ്രചാരണം, ട്രെന്‍റിനൊപ്പം കോണ്‍ഗ്രസും
കടുത്ത വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസും ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രത്തിലേക്ക് നീങ്ങി. രണ്ട് മുഖങ്ങളാണ് ഈ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കാണിക്കുന്നത്. ചരൺജിത് സിംഗ് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവുമാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ മുഖങ്ങള്‍. രണ്ടുപേരില്‍ ആരായാലും സിഖ് മുഖമായിരിക്കും മുഖ്യമന്ത്രിയെന്ന മറ്റോരു അര്‍ഥം കൂടി കോണ്‍ഗ്രസ് ഇതുവഴി ജനങ്ങളിലേക്കെത്തിച്ചു.
പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സിഖ് മുഖമായിരിക്കുമെന്ന് കോൺഗ്രസ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നെങ്കിലും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയുടെ ഹൈന്ദവ മുഖമായ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ഝാഖര്‍ തീര്‍ക്കുന്ന പ്രതിസന്ധിയാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിനെ വിലക്കുന്നത്.
Also Read: മുഖ്യമന്ത്രി ആരായാലും നവജ്യോത് സിങ് സിദ്ദു നായകനായി തുടരുമെന്ന് ഭാര്യ
പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലായിരിക്കും തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയെന്ന് അകാലിദൾ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അഞ്ച് തവണ മുഖ്യമന്ത്രിയും 10 തവണ എംഎൽഎയുമായ പ്രകാശ് സിംഗ് ബാദലിനെ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രചാരണം.
അതിനിടെ വലിയ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി കര്‍ഷക സംഘടനകളും ഇത്തവണ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പാര്‍ട്ടികളാണ് ഇവരില്‍ ഏറെയും. സമര നായകന്‍ ബൽബീർ സിംഗ് രാജേവാളിനെ പ്രധാന മുഖമായി അംഗീകരിച്ചാണ് ഇവരില്‍ പലരും മത്സര രംഗത്ത് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രാജേവാളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മുഖം ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം കാരണം തന്ത്രം ഫലം കണ്ടില്ല.
മുഖ്യമന്ത്രി പദം വ്യക്തമാക്കാതെ ബിജെപി
ബിജെപിയുമായി സഖ്യമുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ പാര്‍ട്ടി മുഖ്യമന്ത്രിയായി പരിഗണിച്ചത് അദ്ദേഹത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ മുഖമായി ഒരാളെ അവതരിപ്പിക്കാന്‍ ഇത്തവണ ബിജെപി ശ്രമിച്ചിട്ടില്ല. ഭരണ ഘടന പ്രകാരം ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുന്നതാണ് പതിവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പതിവാണ്.