ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങിന് തോല്‍വി. ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത്ത് പാല്‍ സിങ് കോലിയോടാണ് അമരീന്ദര്‍ സിങ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായി കരുതുന്ന പട്യാലയിലാണ് ക്യാപ്‌റ്റന്‍റെ തോല്‍വി.
2017ല്‍ 52,000 വോട്ടിലധികം നേടിയാണ് അമരീന്ദര്‍ ജയിച്ചു കയറിയത്. 49% വോട്ട് വിഹിതം നേടാന്‍ അമരീന്ദറിന് സാധിച്ചിരുന്നു. നവജ്യോത് സിങ് സിദ്ദുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അമരീന്ദര്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.
പട്യാലയിലെ മഹാരാജ എന്നറിയപ്പെടുന്ന അമരീന്ദര്‍, കോണ്‍ഗ്രസ് ടിക്കറ്റില്‍ 1980ലാണ് പട്യാലയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. പിന്നീട് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനിടെയുണ്ടായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. 1986ല്‍ ശിരോമണി അകാലി ദളിനൊപ്പം ചേര്‍ന്നെങ്കിലും സുവര്‍ണ ക്ഷേത്ര കോംപ്ലക്‌സിലേക്ക് പൊലീസിനെ അയക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടു.