ചണ്ഡീഗഡ്:പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളെല്ലാം 2022ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കിക്കഴിഞ്ഞു. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കണ്ണ് പഞ്ചാബിലെ മാൾവ മേഖലയിലാണ്. കാരണം ഇവിടെ നിന്ന് കൂടുതൽ സീറ്റുകൾ ഏത് പാർട്ടി നേടുന്നോ അവരാകും സർക്കാർ രൂപീകരിക്കുന്നത്. പഞ്ചാബ് നിയമസഭയുടെ ഭാവി നിർണയിക്കുന്നത് തന്നെ മാൾവയാണെന്ന് പറയാം.
പഞ്ചാബിലെ ആകെയുള്ള 117 നിയമസഭ മണ്ഡലങ്ങളിൽ മാൾവയ്ക്ക് മാത്രം 69 അസംബ്ലി സീറ്റുകളാണുള്ളത്. മജായിൽ 25ഉം ദോബയിൽ 23 അസംബ്ലി സീറ്റുകളുമുണ്ട്. പഞ്ചാബിൽ സർക്കാർ രൂപീകരിക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടത് 59 സീറ്റുകളാണ്. അതിനാൽ തന്നെ എത് രാഷ്‌ട്രീയ പാർട്ടിക്ക് മാൾവയിൽ ഭൂരിപക്ഷം കിട്ടുന്നുവോ അവരാകും പഞ്ചാബിൽ സർക്കാർ രൂപീകരിക്കുക.
2012ൽ എസ്എഡി-ബിജെപി സർക്കാർ
2012ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മാൾവയിൽ അകാലിദൾ 34 സീറ്റും, കോൺഗ്രസിന് 31 സീറ്റും, ബിജെപി രണ്ട് സീറ്റും നേടിയിരുന്നു. മജയിൽ അകാലിദളിന് 11ഉം, കോൺഗ്രസിന് 9ഉം, ബിജെപിക്ക് 5ഉം സീറ്റുകൾ ലഭിച്ചു. അതുപോലെ ദോവാബയിൽ അകാലിദൾ 11 സീറ്റും, കോൺഗ്രസ് 6 സീറ്റും, ബിജെപി 5 സീറ്റും നേടി. സർക്കാർ രൂപീകരിക്കാൻ മാൾവയിലെ 34 സീറ്റുകൾ അകാലിദളിന് ഗണ്യമായ സംഭാവനയാണ് നൽകിയത്.
2017ൽ കോൺഗ്രസ് സർക്കാർ
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മാൾവയിൽ കോൺഗ്രസ് 40 സീറ്റും, ശിരോമണി അകാലിദൾ എട്ട് സീറ്റും, ബിജെപി ഒരു സീറ്റും, ആം ആദ്‌മി പാർട്ടി 18 സീറ്റും നേടി. മജയിൽ കോൺഗ്രസിന് 2 സീറ്റും ബിജെപിക്ക് 1 സീറ്റും ശിരോമണി അകാലിദളിന് 2 സീറ്റും ലഭിച്ചു. ദോബയിൽ കോൺഗ്രസ് 15 സീറ്റും, ആം ആദ്‌മി പാർട്ടി 2 സീറ്റും, ബിജെപി 1 സീറ്റും, ശിരോമണി അകാലിദൾ 5 സീറ്റും നേടി. 2017ൽ കോൺഗ്രസ് കേവല ഭൂരിപക്ഷ സർക്കാർ രൂപീകരിച്ചു.
വികസനമെത്താത്ത മാൾവ
ദോബയിലും മജയിലും ഉണ്ടായ വികസനം മാൾവയിൽ ഉണ്ടായിട്ടില്ല. സാക്ഷരതാ നിരക്കും ലിംഗാനുപാതവും ഏതൊരു പ്രദേശത്തിന്‍റെയും വികസനത്തിലെ പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. ഇത് രണ്ടിലും മാൾവ വളരെ പിന്നിലാണ്. ദോബയിൽ 81.48% ഉം, മജയിൽ 75.9% ഉം സാക്ഷരതാ നിരക്ക് ഉള്ളപ്പോൾ മാൾവയിൽ 72.3% മാത്രമാണ് സാക്ഷരത രേഖപ്പെടുത്തിയിട്ടുള്ളത്.
സ്ത്രീ-പുരുഷ അനുപാതത്തിലും ഈ രണ്ട് മേഖലകളെക്കാൾ പിന്നിലാണ് മാൾവ. കർഷക ആത്മഹത്യകൾ, വർധിച്ചുവരുന്ന കാൻസർ രോഗം, കുടിവെള്ളത്തിന്‍റെ അഭാവം, മണൽ വിലക്കയറ്റം, പരുത്തിക്കൃഷിയിലെ ചുവന്ന വെട്ടുക്കിളി ശല്യം, തൊഴിലില്ലായ്‌മ, ക്രമസമാധാന തകർച്ച എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന പ്രശ്‌നങ്ങൾ.
ജാതി രാഷ്‌ട്രീയം പ്രധാന ആയുധം
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ പരമാവധി മുഖ്യമന്ത്രിമാരെ നൽകിയിട്ടും മാൾവ വികസിച്ചിട്ടില്ല. ഇതിന് പിന്നിൽ ഒരു വലിയ കാരണമുണ്ടെന്ന് പറയുകയാണ് മുൻ വിവരാവകാശ കമ്മീഷണർ ചന്ദ്രപ്രകാശ്. 'ശിരോമണി അകാലിദൾ എപ്പോഴും പന്തിക് വിഭാഗത്തെ വെച്ച് കളിക്കുമ്പോൾ, കോൺഗ്രസ് ദലിതരുടെ പേരിൽ രാഷ്ട്രീയം തുടർന്നു.' ചന്ദ്രപ്രകാശ് പറയുന്നു.
പഞ്ചാബിലെ മാൾവ കാർഷിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും കാർഷിക പുരോഗതിയിൽ ശ്രദ്ധിച്ചില്ല. പുരോഗതിക്കായി ഒരു ശ്രമവും നടത്തിയിട്ടില്ല. 1998-ൽ പ്രകാശ് സിങ് ബാദൽ ബതിന്ദാ ജില്ലയിലെ ഫുലോകരിയിൽ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഈ വികസന പദ്ധതികൾ പോലും മാൾവയുടെ വികസനത്തിൽ കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.
കൂടാതെ മയക്കുമരുന്നിന്‍റെ ആധിപത്യം കാരണം കൂടുതൽ യുവാക്കൾ വിദേശത്ത് സ്ഥിരതാമസമാക്കി. രാഷ്ട്രീയ പാർട്ടികളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ നിറവേറ്റിയതിനാൽ മാൾവയ്ക്ക് കൂടുതൽ വികസിക്കാനും കഴിഞ്ഞില്ല.
പരമ്പരാഗത പാർട്ടികളെ തകിടം മറിക്കാൻ മനസുറപ്പിച്ചവർ
2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാർഷികമേഖലയ്‌ക്കൊപ്പം വ്യാവസായികമായും കരുത്തുറ്റ പിന്നോക്കാവസ്ഥയിലുള്ള മാൾവയിലെ ജനങ്ങളുടെ മനോഭാവം എന്തായിരിക്കും? തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ ഇവിടുത്തെ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്ന് ചില രാഷ്ട്രീയ വിദഗ്‌ദർ പറയുന്നു.