ബടിൻഡ : പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്‌പ്പുമായി ബന്ധപ്പെട്ട് ഒരു ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ബടിൻഡ സൈനിക കേന്ദ്രത്തിൽ ഏപ്രിൽ 12ന് നടന്ന വെടിവയ്‌പ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് ജവാന്മാരെ പഞ്ചാബ് പൊലീസ് ചോദ്യം ചെയ്‌തിട്ടുമുണ്ടായിരുന്നു.
ബടിൻഡ മിലിട്ടറി സ്‌റ്റേഷനിലുണ്ടായ വെടിവയ്‌പ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് അജ്ഞാതർക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുമുണ്ട്. വെടിവയ്‌പ്പ് സംഭവത്തിലെ സാക്ഷിയായ മേജർ അശുതോഷ് ശുക്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നീ ജവാന്മാരാണ് കൊല്ലപ്പെട്ടത്.
ഡ്യൂട്ടി അവസാനിച്ചതിന് ശേഷം മുറിയിൽ ഉറങ്ങുകയായിരുന്ന ജവാന്മാരെ വെള്ള കുർത്തയും പൈജാമയും ധരിച്ചെത്തിയ രണ്ട് പേർ റൈഫിളുകളും മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നാല് ജവാന്മാരെയും അവരുടെ മുറികളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ വസ്‌തുവകകൾക്ക് നാശനഷ്‌ടമൊന്നും ഉണ്ടായിട്ടില്ലെന്ന് സൈനിക പ്രസ്‌താവനയിൽ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി INSAS റൈഫിളും 28 തിരകളും കാണാതായിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ ചില ഉദ്യോഗസ്ഥരാകാമെന്നും സംശയിക്കുന്നതായി സൈന്യം വ്യക്തമാക്കി. പഞ്ചാബ് പോലീസുമായി ചേര്‍ന്നാണ് സൈന്യം അന്വേഷണം നടത്തുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി.
കുർത്ത ധരിച്ച രണ്ട് പേരെ കണ്ടതായി സൈനികർ : നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അതേ ദിവസം വൈകുന്നേരം സൈനിക ക്യാമ്പിന് സമീപം സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സൈനികനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വെടിവയ്‌പ്പുണ്ടായതിന് പിന്നാലെ ഭീകരാക്രമണമല്ലെന്ന് സൈന്യം അറിയിച്ചിരുന്നെങ്കിലും എല്ലാ വീക്ഷണകോണിലും അന്വേഷണം നടക്കുന്നുണ്ട്. മുഖവും തലയും തുണി കൊണ്ട് മറച്ച നിലയിലാണ് രണ്ട് പേരെ കണ്ടതെന്നാണ് സൈനികർ മൊഴി നൽകിയത്. ഇതിൽ ഒരു അക്രമിയുടെ കൈയിൽ ഇൻസാസ് റൈഫിളും മറ്റേയാളുടെ കൈയിൽ കോടാലിയുമാണ് ഉണ്ടായിരുന്നത്.
ദുരൂഹമായി വെടിവയ്‌പ്പ് : സാഗർ ബന്നെ (25), യോഗേഷ് കുമാർ (24), സന്തോഷ് എം നാഗരാൽ (25), കമലേഷ് ആർ (24) എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്. സാഗർ ബന്നെയും യോഗേഷ് കുമാറിനെയും ഒരു മുറിയിലും സന്തോഷിനെയും കമലേഷിനെയും മറ്റൊരു മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേർക്കും വെടിയേറ്റിരുന്നു. സാഗറും സന്തോഷും കർണാടക സ്വദേശികളാണ്.
യോഗേഷും കമലേഷും തമിഴ്‌നാട് സ്വദേശികളുമാണ്. ഇതിന് പിന്നാലെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗുർതേജസ് ലഹുരാജ് എന്ന സൈനികന് വെടിയേറ്റത്. എന്നാൽ ഈ സംഭവത്തിന് നാല് സെനികർക്ക് വെടിയേറ്റതുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ക്യാമ്പിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിച്ച നിലയിൽ ഒരു ഇൻസാസ് റൈഫിളും ശൂന്യമായ 19 ഷെല്ലുകളും കണ്ടെത്തിയിട്ടുണ്ട്.