പൂനെ : ലിഫ്‌റ്റ് ചോദിച്ച് ഇരുചക്രവാഹനങ്ങളില്‍ കയറിയ ശേഷം പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന 44കാരന്‍ അറസ്‌റ്റില്‍. തനിക്ക് അസുഖമാണെന്നും അടിയന്തരമായി ആശുപത്രിയില്‍ പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടികളോട് ലിഫ്‌റ്റ് ചോദിച്ചിരുന്നത്. തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ഒരു യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
താനും സുഹൃത്തും പൂനെയിലെ സേനാപതി ബപാട് റോഡില്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഒരാള്‍ വാഹനം തടയുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശേഷം പെണ്‍കുട്ടി ഇയാളെ സ്കൂട്ടറില്‍ കയറ്റി ആശുപത്രിയിലേയ്‌ക്ക് പുറപ്പെട്ടു. ഇരയുടെ സുഹൃത്ത് മറ്റൊരു ഇരുചക്ര വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു.
വാഹനം സ്‌റ്റാര്‍ട്ട് ചെയ്‌ത് അല്‍പ സമയത്തിന് ശേഷം ഇയാള്‍ ആനാവശ്യമായി ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ആരംഭിച്ചു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നിരന്തരമായി ചൂഷണം തുടര്‍ന്നു. ഭയന്നുവിറച്ച പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചു. എന്നാല്‍, ഇരുചക്രവാഹനത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പിന്നാലെ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെട്ടു.
ട്വിറ്ററിലായിരുന്നു പെണ്‍കുട്ടി തന്‍റെ അനുഭവം കുറിച്ചത്. സമീപത്തെ സിസിടിവിയില്‍ നിന്ന് വാഹനത്തിന്‍റെ നമ്പര്‍ ശേഖരിച്ച് ഇയാളെ പിടികൂടുവാനും പെണ്‍കുട്ടി പോസ്‌റ്റില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പൂനെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ഒടുവില്‍ ശനിവാര്‍ പേട്ട് സ്വദേശിയായ അനൂപ് വാണി എന്ന പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ തുടര്‍ച്ചയായി 17ലധികം പെണ്‍കുട്ടികളെ ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതില്‍ അഞ്ച് പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ ഇതിനകം പരാതി നല്‍കിയത്.
ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കിണറ്റില്‍ തള്ളി:അതേസമയം, രാജസ്ഥാനിലെ കരൗലി ജില്ലയിൽ, 19 വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയതായി പരാതി. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നദൗട്ടിയ്‌ക്ക് സമീപമുള്ള പ്രദേശത്തെ കിണറ്റിൽ നിന്നും വ്യാഴാഴ്‌ചയായിരുന്നു (ജൂലൈ 13) മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവം, അറിഞ്ഞ ഉടനെ എംപിയായ, കിരോഡി ലാൽ മീണ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
പ്രതികളെ പിടികൂടുന്നതിനൊപ്പം അതിജീവിതയുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകണമെന്നും അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നും സംഭവത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് എംപി പറഞ്ഞു.
വ്യാഴാഴ്‌ച പുലർച്ചെ, പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. സമീപവാസികൾ കിണറ്റിൽ വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം, സംഭവത്തില്‍ കിരോഡി ലാൽ മീണ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള അശോക് ഗെലോട്ട് സർക്കാരിന് കീഴിൽ ഒരു പെൺകുട്ടിയും സുരക്ഷിതരല്ലെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആരോപിച്ചു.