ബെംഗളൂരു: പരിസ്ഥിതി ലോല മേഖലകളുടെ പരിധിയിൽ വരുമെന്ന കാരണത്താല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച മൂന്ന് റെയില്‍വേ പദ്ധതികളും നിരസിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടുള്ള വികസനത്തിന് തയ്യാറല്ലെന്ന് ബൊമ്മെ അറിയിച്ചു. ഇതോടെ കേരള മുഖ്യമന്ത്രി വെറും കൈയോടെ മടങ്ങി.
പ്രതികരണവുമായി ബസവരാജ ബൊമ്മെ കാണിയൂർ റെയിൽവേ ലൈന്‍ സംബന്ധിച്ച് നേരത്തെ ചര്‍ച്ച നടന്നിരുന്നു. 45 കിലോമീറ്റര്‍ കര്‍ണാടകയിലൂടെ കടന്നു പോകുന്ന ഈ റെയില്‍ പാത കേന്ദ്ര റെയിൽവേ വകുപ്പ് തള്ളുകയാണ് ഉണ്ടായത്. ഇരു സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ റെയില്‍ ലൈന്‍ അനുവദിക്കാമെന്ന് റെയില്‍വേ വകുപ്പ് അറിയിച്ചു.
തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയത്. എന്നാല്‍ സുബ്രഹ്മണ്യ, സുള്ള്യ ഭാഗത്തു കൂടി കടന്നുപോകുന്ന പാത പരിസ്ഥിതി ലോല മേഖലയില്‍ പെടുമെന്നും കര്‍ണാടകയിലെ യാത്രക്കാര്‍ക്ക് ഈ പാത പ്രയോജനപ്പെടില്ലെന്നും പറഞ്ഞ് ബൊമ്മെ പദ്ധതി നിരസിച്ചു.
'പരിസ്ഥിതിലോല പ്രദേശങ്ങളായ നാഗര്‍ഹോളെയിലൂടെയും ബന്ദിപ്പൂരിലൂടെയും ആണ് കേരള മൈസൂർ റെയില്‍വേ പാത കടന്നു പോകുക. കടുവ സങ്കേതവും ആന സങ്കേതവും സ്ഥിതി ചെയ്യുന്ന ഈ മേഖലകളില്‍ കൂടി റെയില്‍വേ ലൈന്‍ നിര്‍മിച്ചാല്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും അതിനാല്‍ ഈ പദ്ധതിയും കര്‍ണാടക സര്‍ക്കാര്‍ നിരസിച്ചു', ബെമ്മെ പറഞ്ഞു.
വനമേഖലയെ ബാധിക്കാതെ തുരങ്കം നിർമിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. പക്ഷെ അതും നിരസിക്കപ്പെട്ടു. തുരങ്ക നിർമാണത്തിനായി വനങ്ങൾ വൻതോതിൽ നശിപ്പിക്കേണ്ടി വരും, കൂടാതെ, തുരങ്ക നിർമാണം ഭൂമിയെ പ്രതികൂലമായി ബാധിക്കും എന്ന കാരണങ്ങളാണ് കര്‍ണാടക മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. അതിനാൽ തുരങ്കപാതയ്‌ക്കും അനുമതി ലഭിച്ചില്ല.
പിന്നീട്, രണ്ട് ബസുകൾക്ക് പകരം നാഗര്‍ഹോളെ, ബന്ദിപ്പൂർ റൂട്ടിൽ രാത്രി നാല് ബസുകൾ ഓടിക്കാൻ അനുവദിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ആ നിര്‍ദേശവും നിരസിക്കുകയാണ് ഉണ്ടായത്. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലുള്ള പദ്ധതി നിര്‍ദേശിച്ചാല്‍ അംഗീകരിക്കാമെന്ന് ബൊമ്മെ അറിയിച്ചു.
Also Read: പിണറായി - ബൊമ്മെ കൂടിക്കാഴ്‌ച: സില്‍വര്‍ലൈൻ ചര്‍ച്ചയായില്ല