ഹൈദരാബാദ് : 1980 ലെ സംഭവം ഓര്‍മിപ്പിച്ചുകൊണ്ട് കൃപാണും വാളും തോക്കുമേന്തി സിഖുകാര്‍ അമൃത്‌സറിന്‍റെ തെരുവുകളില്‍ വ്യാഴാഴ്‌ച ഒത്തുകൂടി. ഖാലിസ്ഥാന്‍ നേതാവ് അമൃത്‌പാല്‍ സിങ്ങിന്‍റെ അടുത്ത അനുയായി ലവ്‌പ്രീത് എന്ന തൂഫാന്‍ സിങ്ങിന്‍റെ അറസ്റ്റോടെയാണ് അമൃത്‌സറിന്‍റെ തെരുവില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യം കൂടുതല്‍ ദൃഢമായി മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങിയത്. തൂഫാന്‍ സിങ്ങിന്‍റെ അറസ്റ്റ് ഏറെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭകാരികള്‍ ഖാലിസ്ഥാന്‍ നേതാവ് അമൃത്‌പാല്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ അജ്‌നാല പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി. വാളും തോക്കും അടക്കമുള്ള ആയുധങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഖാലിസ്ഥാന്‍ സിഖുകാരുടെ പ്രത്യേക ജന്മഭൂമി എന്ന ആഹ്വാനത്തിലൂടെ പഞ്ചാബിലെ യുവാക്കളെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള 29 കാരനായ അമൃത്‌പാലാണ് അജ്‌നാലയില്‍ ഒത്തുകൂടാനും പ്രതിഷേധിക്കാനും ആഹ്വാനം ചെയ്‌തത്. ഒരാളെ തട്ടിക്കൊണ്ട് പോയി എന്ന കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ തന്‍റെ ഉറ്റ അനുയായി തൂഫാന്‍ സിങ്ങിന്‍റെ മോചനമായിരുന്നു ഖാലിസ്ഥാന്‍ നേതാവിന്‍റെ ലക്ഷ്യം. അതേസമയം അമൃത്‌പാലിന്‍റെ ആഹ്വാനത്തെ പിന്തുണച്ച് അജ്‌നാലയില്‍ ഒത്തുകൂടിയ യുവാക്കളെ കണ്ടപ്പോള്‍ പൊലീസ് അമ്പരക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ഉണ്ടായത്.
തൂഫാന്‍ സിങ്ങിനെ മോചിപ്പിച്ച് പൊലീസ്: ആരംഭത്തില്‍ ആയുധം ധരിച്ചെത്തിയ ഖാലിസ്ഥാന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് സേന ആഞ്ഞടിച്ചെങ്കിലും അവസാനം തൂഫാന്‍ സിങ്ങിനെ വിട്ടയക്കേണ്ടി വന്നു പൊലീസിന്. തൂഫാന്‍ സിങ്ങിനെ മോചിപ്പിച്ചതായി പഞ്ചാബ് ഡിജിപിയുടെ ഔദ്യോഗിക അറിയിപ്പുവന്നു. ഒപ്പം ഒരു പരാമര്‍ശവും ഡിജിപി നടത്തി. 1981 ല്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെ മോചിപ്പിക്കാനായി അദ്ദേഹത്തിന്‍റെ കൂട്ടാളികള്‍ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെ അയാളുടെ മോചനം എങ്ങനെ സാധ്യമായി എന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്‌താവന.
ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ അന്നത്തെ ആഭ്യന്തര മന്ത്രി സെയില്‍ സിങ്, ഭിന്ദ്രന്‍വാല അറസ്റ്റുചെയ്യപ്പെട്ട, പത്ര ഉടമയുടെ കൊലപാതകത്തിന് അയാള്‍ ഉത്തരവാദിയല്ലെന്ന് പറയുകയുണ്ടായി. പഞ്ചാബിലെ രക്തരൂക്ഷിതമായ സംഭവങ്ങളിൽ ഭിന്ദ്രന്‍വാലയെ വിട്ടയച്ചത് ഖാലിസ്ഥാൻ അനുകൂലികളുടെ ശക്തിയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. ഇത് ആത്യന്തികമായി ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലുമാണ് കലാശിച്ചത്.
ഭിന്ദ്രന്‍വാലയും അമൃത്‌പാല്‍ സിങ്ങും: ഭിന്ദ്രന്‍വാലയുടെ പ്രത്യയശാസ്‌ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചും ഖാലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കി യഥാര്‍ഥത്തില്‍ ഭിന്ദ്രന്‍വാലയായി മാറാന്‍ ശ്രമിക്കുകയാണ് അമൃത്‌പാല്‍ സിങ്. എന്നാല്‍ അമൃത്‌പാലിന്‍റെ ആഹ്വാനത്തെയും അതേതുടര്‍ന്ന് ഒത്തുകൂടുന്ന അനുയായികളെയും പഞ്ചാബിന്‍റെ അധികാര കേന്ദ്രം അവഗണിക്കുകയാണെന്ന് വേണം കരുതാന്‍.
തൂഫാന്‍ സിങ്ങിന്‍റെ മോചനത്തിന് ശേഷം അമൃത്‌പാലും സംഘവും ആത്‌മസംതൃപ്‌തിയിലാണെന്നത് വ്യക്തമാണെന്നാണ് സര്‍ക്കാരിന്‍റെ നിരീക്ഷണം. എന്നാല്‍ അടങ്ങിയിരിക്കാന്‍ അമൃത്‌പാല്‍ ഒരുക്കമല്ല. തൂഫാനെതിരെ വീണ്ടും അറസ്റ്റ് നീക്കം ഉണ്ടായാല്‍ പൊലീസ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് അമൃത്‌പാലിന്‍റെ ഭീഷണി.
അതുകൊണ്ട് തന്നെ അമൃത്പാലിനെ കുറച്ചുകാലത്തേക്ക് വെറുതെ വിടുന്നത് ആം ആദ്‌മി പാർട്ടിയുടെയും കേന്ദ്ര ഗവൺമെന്‍റിന്‍റെയും ഏറ്റവും നല്ല തീരുമാനമാണെന്നത് വ്യക്തമാണ്. അമൃത്പാലിന്‍റെ നീക്കം സംസ്ഥാനത്തെ ധ്രുവീകരിക്കുമെന്നും 1980കളിലെ ഖാലിസ്ഥാൻ പ്രസ്ഥാനം അനുസരിച്ച് സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യയെ ഏകീകരിക്കുമെന്നുമാണ് നിരീക്ഷിക്കുന്നത്. ഇത് സിഖുകാരെ വലിയൊരളവിൽ ഭിന്നിപ്പിക്കും. മതേതര സിഖുകാർ നിഷ്‌പക്ഷമായി നിന്നേക്കാം. അതേസമയം തീവ്ര മതവിശ്വാസികളായ സിഖുകാർ അമൃത്പാലിന്‍റെ വഴി തെരഞ്ഞെടുക്കും. എന്നാൽ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം വരുന്ന ഹിന്ദുക്കൾ ആം ആദ്‌മി പാർട്ടിയെയോ കോൺഗ്രസിനെയോ പിന്തുണയ്ക്കില്ല. അവർക്ക് ബിജെപി മാത്രമായിരിക്കും ഒപ്ഷനായി അവശേഷിക്കുന്നത്.
ബിജെപിക്ക് അനുകൂലമാകുമോ പഞ്ചാബ്: മുൻകാല തെരഞ്ഞെടുപ്പ് അനുഭവങ്ങൾ കണക്കിലെടുത്ത് ബിജെപി ഇതുവരെ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുകയും സംസ്ഥാനത്ത് കാലുറപ്പിക്കുകയും ചെയ്‌തിട്ടില്ല. ഇപ്പോൾ പാർട്ടിക്ക് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെപ്പോലുള്ള നേതാക്കൾ ഉള്ളതിനാൽ 2024 ലെ തെരഞ്ഞെടുപ്പിൽ പഞ്ചാബില്‍ താമര വിരിയുമെന്ന് ബിജെപി വളരെയധികം പ്രതീക്ഷിക്കുന്നു. പഞ്ചാബില്‍ അക്രമങ്ങള്‍ നടന്ന കാലഘട്ടങ്ങളിലൂടെ തന്നെയാണ് അമരീന്ദർ വളര്‍ന്നത്. 80കളുടെ തുടക്കത്തിൽ അകാലികൾക്കെതിരായ ഇന്ദിരാഗാന്ധിയുടെ കാഴ്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്ന പ്രധാന ചർച്ചക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അമൃത്പാലിന്‍റെ ഉയർച്ച ബിജെപിക്ക് ഹിന്ദു വോട്ടുകൾ ലഭിക്കാന്‍ കാരണമാകും. മറുഭാഗത്ത് അമരീന്ദറിനെ പോലുള്ള നേതാക്കള്‍ സിഖ് വോട്ടുകളെയും ആകർഷിക്കും.
അതേസമയം, കെജ്‌രിവാൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയും വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുകയുമാണ്. പ്രശ്‌നം പരിഹരിക്കുന്നതില്‍ തെല്ലിട അമളി പറ്റിയാല്‍ സംസ്ഥാനത്തിന്‍റെ അധികാരം ആപ്പിന്‍റെ കൈയില്‍ നിന്ന് നഷ്‌ടമാകും. ദേശീയ പാര്‍ട്ടിയായ ആപ്പിന് അത് വലിയ തിരിച്ചടിയുമായേക്കും. അജിത് ഡോവലിനെപ്പോലുള്ള ഉദ്യോഗസ്ഥർ സുരക്ഷ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ സംസ്ഥാനത്തെ സാഹചര്യം ജനങ്ങളെ ദുരിതത്തിലാക്കുന്നതിന് മുമ്പ് പരിഹരിക്കാതെ ഖാലിസ്ഥാന്‍ പ്രസ്ഥാനം ഒരു പ്രത്യേക പാര്‍ട്ടിയെ പിന്തുണയ്‌ക്കാന്‍ കാത്തിരിക്കുകയാണോ എന്ന ചോദ്യവും പ്രസക്തമാണ്.