ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ വസതിയായ 10 ജനപഥിനുള്ളിൽ പ്രത്യേക ഓഫീസ് സ്ഥാപിച്ച് പ്രിയങ്ക ഗാന്ധി. അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രയങ്ക ഗാന്ധിയുടെ പുതിയ നീക്കം. യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിന്‍റെ നയങ്ങൾക്കെതിരെ നിരന്തരം രംഗത്തെത്തുന്ന പ്രിയങ്ക ഗാന്ധി 2022 തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്ക ഗാന്ധി പശ്ചിമ ഉത്തർപ്രദേശിൽ കിസാൻ പഞ്ചായത്ത് നടത്തി യോഗി സർക്കാരിനെ ധിക്കരിക്കുക മാത്രമല്ല, തെരഞ്ഞെടുപ്പിൽ യോഗിക്ക് കടുത്ത മത്സരം നൽകുക എന്ന ലക്ഷ്യം കൂടിയാണ് പരിഗണിക്കുന്നത്.
'മിഷൻ യുപി'ക്കായി 10 ജനപഥിൽ പ്രത്യേക ഓഫീസ് സ്ഥാപിച്ച് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി ഓഫീസ്
തെരഞ്ഞെടുപ്പിൽ യോഗിക്ക് കടുത്ത മത്സരം നൽകുക എന്ന ലക്ഷ്യം കൂടിയാണ് പ്രിയങ്ക ഗാന്ധി പരിഗണിക്കുന്നത്
പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും തന്ത്രം മെനയാനുമാണ് പ്രത്യേക ഓഫീസ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. യുപിയിലെ കോൺഗ്രസ് നേതാക്കൾ ഓഫീസിലെത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 15 മുതൽ 20 വരെ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് ഓഫീസിൽ. പ്രിയങ്ക ഗാന്ധിയുടെ ലോഡി സ്റ്റേറ്റ് ബംഗ്ലാവ് സജ്ജീകരണം 10 ജനപഥിലേക്ക് മാറ്റിയതായും വൃത്തങ്ങൾ അറിയിച്ചു.
എസ്‌പിജി സുരക്ഷ പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് ശേഷം പ്രിയങ്ക ഗാന്ധിക്ക് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പുതിയ ഓഫീസിൽ ഒരു വലിയ ഹാളും പ്രിയങ്ക ഗാന്ധിക്ക് ഒരു സിറ്റിംഗ് റൂമും സന്ദർശകർക്കുള്ള മുറിയുമുണ്ട്. ഓഫീസിൽ വലിയ ടിവി സ്ക്രീനുകൾ, പ്രൊജക്‌ടറുകൾ, ആധുനിക ആശയവിനിമയ സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.