കേരളം

kerala

ETV Bharat / bharat

'അച്ഛനെ കൊന്നതെന്തിനെന്ന് നിറകണ്ണുകളോടെ പ്രിയങ്ക ചോദിച്ചു, ആ മകളുടെ വേദന നേരിട്ടറിഞ്ഞു' ; ജയിലിലെ കൂടിക്കാഴ്ചയെക്കുറിച്ച് നളിനി

2008ല്‍ വെല്ലൂർ പ്രത്യേക ജയിലിലെത്തിയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയെ പ്രിയങ്ക ഗാന്ധി കാണുന്നത്. പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ചയിലൂടെയാണ് തന്‍റെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ ഉദിക്കുന്നതെന്ന് നളിനി നേരത്തെ പറഞ്ഞിട്ടുണ്ട്

priyanka gandhi  nalini  rajiv gandhi assassination  nalini release  nalini priyanka meeting  priyanka vellore jail meeting  priyanka nalini  rajiv gandhi assassination sc verdict  പ്രിയങ്ക  നളിനി  പ്രിയങ്ക നളിനി കൂടിക്കാഴ്‌ച  നളിനി ജയില്‍ മോചനം  പ്രിയങ്കയെ കുറിച്ച് നളിനി  രാജീവ് ഗാന്ധി വധക്കേസ്  രാജീവ് ഗാന്ധി വധം പ്രിയങ്ക നളിനി  പ്രിയങ്ക വെല്ലൂർ ജയില്‍ സന്ദര്‍ശനം
അച്ഛനെ നഷ്‌ടപ്പെട്ട മകളുടെ വേദന നേരിട്ട് കണ്ടു; പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് വെളിപ്പെടുത്തി നളിനി

By

Published : Nov 13, 2022, 5:47 PM IST

Updated : Nov 14, 2022, 2:57 PM IST

ചെന്നൈ :വെല്ലൂർ പ്രത്യേക ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ മരണത്തെ കുറിച്ച് തന്നോട് ചോദിച്ചിരുന്നുവെന്ന് നളിനി ശ്രീഹരന്‍. 31 വര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അപൂർവ കൂടിക്കാഴ്‌ചയെ കുറിച്ച് നളിനി വെളിപ്പെടുത്തിയത്. 2008 മാര്‍ച്ച് 18നാണ് പ്രിയങ്ക നളിനിയെ പാര്‍പ്പിച്ചിരുന്ന വെല്ലൂർ പ്രത്യേക ജയില്‍ സന്ദര്‍ശിക്കുന്നത്.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ച വികാരവിക്ഷുബ്‌ധമായിരുന്നു. തന്നെ കണ്ടപ്പോള്‍ പ്രിയങ്ക കരഞ്ഞിരുന്നുവെന്നും നളിനി പറഞ്ഞു. പിതാവിന്‍റെ മരണത്തെ കുറിച്ച് പ്രിയങ്ക തന്നോട് ചോദിച്ചു. തനിക്കറിയാവുന്ന കാര്യങ്ങള്‍ പ്രിയങ്കയോട് വെളിപ്പെടുത്തി. പ്രിയങ്കയുടെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളുള്ളതിനാല്‍ കൂടിക്കാഴ്‌ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാനാകില്ലെന്നും നളിനി വ്യക്തമാക്കി.

നളിനി ശ്രീഹരന്‍ മാധ്യമങ്ങളെ കാണുന്നു

രാജീവ് ഗാന്ധി വധിക്കപ്പെട്ട് 24-ാമത്തെ ദിവസമാണ് നളിനിയെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. അന്ന് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു 24കാരിയായ നളിനി. ജയിലില്‍ വച്ചാണ് മകള്‍ക്ക് ജന്മം നല്‍കുന്നത്. 2000-ല്‍ സോണിയ ഗാന്ധിയുടെയും തമിഴ്‌നാട് സര്‍ക്കാരിന്‍റെയും ഇടപെടല്‍ മൂലമാണ് വധശിക്ഷയില്‍ നിന്ന് ജീവപര്യന്തത്തിലേയ്ക്ക് നളിനിയുടെ ശിക്ഷ കുറയ്ക്കാനായത്.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ചയോടെയാണ് തന്‍റെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ ഉദിച്ചതെന്ന് നളിനി നേരത്തേ പറഞ്ഞിട്ടുണ്ട്. അഭിഭാഷകനായ പി പുകഴേന്തി മുഖേന ദ ഹിന്ദു പത്രം അയച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് നളിനി മനസ്‌ തുറക്കുന്നത്.

പ്രിയങ്ക ജയിലില്‍ കാണാനെത്തിയപ്പോള്‍ നളിനിക്ക് ആദ്യം വിശ്വസിക്കാനായില്ല. താന്‍ പ്രിയങ്കയാണെന്ന് രണ്ട് വട്ടം പറഞ്ഞപ്പോഴാണ് ഞെട്ടലില്‍ നിന്ന് മുക്തയായതെന്ന് നളിനി ഓർത്തെടുക്കുന്നു. എനക്ക് ഒന്‍ട്രും തെരിയാതമ്മ (എനിയ്ക്ക് ഒന്നും അറിയില്ല) എന്നായിരുന്നു നളിനി പ്രിയങ്കയോട് ആദ്യം പറഞ്ഞ വാചകങ്ങളിലൊന്ന്.

നളിനി ശ്രീഹരന്‍

എന്‍റെ പിതാവ് നല്ല മനുഷ്യനായിരുന്നു. ലോല ഹൃദയനായിരുന്നു. നിങ്ങളെന്തിനാണ് അങ്ങനെ ചെയ്‌തത്. എന്തായിരുന്നു കാരണമെങ്കിലും സംസാരിച്ച് പരിഹരിക്കാമായിരുന്നില്ലേയെന്ന് പ്രിയങ്ക നിറകണ്ണുകളോടെ ചോദിക്കുമ്പോള്‍ നളിനിയും വിതുമ്പുകയായിരുന്നു.

'സഹിക്കാനാവാതെ ഞാന്‍ കരയാന്‍ തുടങ്ങി. ആ നിമിഷത്തില്‍ മരിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. അത്രയധികം വേദനയുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിലെ ഒരാളുമായുള്ള കൂടിക്കാഴ്‌ച സാധാരണ കാര്യമായിരുന്നില്ല. സാഹചര്യങ്ങള്‍ മൂലം ഞാന്‍ നേരിട്ട അപമാനങ്ങളില്‍ നിന്നും ആക്ഷേപങ്ങളില്‍ നിന്നും ശുദ്ധീകരണമുണ്ടായത് പോലെയാണ് എനിക്ക് തോന്നിയത്.

പ്രിയങ്കയുമായുള്ള കൂടിക്കാഴ്‌ച താന്‍ നിരപരാധിയാണെന്ന് ഗാന്ധി കുടുംബം ഒരിയ്ക്കല്‍ വിശ്വസിക്കുമെന്ന പ്രതീക്ഷയുണ്ടാക്കി. പിതാവിന്‍റെ വിയോഗത്തില്‍ പ്രിയങ്ക അനുഭവിച്ച വേദനയും അമര്‍ഷവും എത്രത്തോളമുണ്ടെന്ന് ഞാന്‍ നേരിട്ട് കണ്ടു, മനസിലാക്കി' - നളിനി ഓര്‍ത്തെടുത്തു.

Also Read:ഇനി സ്വതന്ത്രര്‍ ; രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച ആറുപേരും ജയില്‍ മോചിതരായി

1991 മെയ്‌ 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1991 ജൂണ്‍ 14ന് ചെന്നൈയില്‍ വച്ച് നളിനിയെയും ഭർത്താവ് ശ്രീഹരനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് നളിനിക്കെതിരെ ചുമത്തിയിരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതയാണ് നളിനി.

Last Updated : Nov 14, 2022, 2:57 PM IST

ABOUT THE AUTHOR

...view details