ന്യൂഡൽഹി : രാമക്ഷേത്ര ട്രസ്റ്റിന്‍റെ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങളില്‍ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി മോദിയാണ് ശ്രീറാം ജന്മഭൂമി തീർഥ് ക്ഷത്ര ട്രസ്റ്റ് രൂപീകരിച്ചത്.
അദ്ദേഹവുമായി അടുത്ത ആളുകളാണ് ക്ഷേത്രത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്. അതുകൊണ്ട് തന്നെ ഭക്തർ അർപ്പിക്കുന്ന ഓരോ സംഭാവനയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമന്ത്രിയാണെന്നും പ്രിയങ്ക വ്യക്തമാക്കി.
അന്വേഷണം സുപ്രീം കോടതി ഏറ്റെടുക്കണം
സുപ്രീംകോടതിയുടെ നിർദേശപ്രകാരമല്ല ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രിയങ്ക, കേസിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ അന്വേഷണവും പരമോന്നത കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു.
Read more:അയോധ്യ ഭൂമി തട്ടിപ്പ്; ട്രസ്റ്റിന്‍റെ ഭൂമി ഇടപാടുകൾ സുതാര്യമെന്ന് ആർഎസ്എസ്
2021 മാർച്ച് 18ന് രണ്ട് പേർ അയോധ്യയിൽ രണ്ട് കോടി രൂപയ്ക്ക് ഭൂമി വാങ്ങി. എന്നാൽ ക്ഷേത്രപരിസരത്ത് നിന്ന് അകലെയുള്ള ഈ ഭൂമി നിമിഷങ്ങൾക്കകം പ്രധാനമന്ത്രി രൂപീകരിച്ച ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഭൂമി ഇടപാട് നടത്തിയത് ബിജെപിയെന്ന് പ്രിയങ്ക
ഭൂമി വിൽപ്പനയും വാങ്ങലും സംബന്ധിച്ച കരാർ, രജിസ്ട്രി എന്നിവയിലെ സാക്ഷികളുടെ പേരുകൾ ഒന്നുതന്നെയാണെന്ന് അവകാശപ്പെട്ട പ്രിയങ്ക സാക്ഷികളിൽ ഒരാൾ ക്ഷേത്ര ട്രസ്റ്റിയും മറ്റൊരാൾ ബിജെപി നേതാവും അയോധ്യ മേയറുമാണെന്നും ആരോപിച്ചു.
ആരോപണങ്ങൾ തള്ളി ട്രസ്റ്റ് സെക്രട്ടറി
അതേസമയം ട്രസ്‌റ്റുമായി ബന്ധപ്പെട്ട അഴിമതി, സാമ്പത്തിക ദുരുപയോഗം മുതലായ ആരോപണങ്ങൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് തള്ളി. സുതാര്യമായ രീതിയിലാണ് തങ്ങൾ ഭൂമി ഇടപാട് നടത്തിയതെന്നും പണം ഓൺലൈനായി വിൽപ്പനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
2019 നവംബർ ഒമ്പതിന് നടന്ന ചരിത്രപരമായ വിധിന്യായത്തിൽ അയോധ്യയിലെ തർക്കഭൂമിയായ രാമജന്മഭൂമി- ബാബറി മസ്‌ജിദ് സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനുള്ള മാനദണ്ഡങ്ങള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.