ഹൈദരാബാദ്:ഇന്ത്യയെ ആഗോള സിനിമ ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ പ്രിയങ്ക ചോപ്രയുടെ സംഭാവന വളരെ വലുതാണ്. റിച്ചാർഡ് മാഡനൊപ്പം തന്‍റെ വരാനിരിക്കുന്ന സീരീസ് സിറ്റാഡൽ പ്രൊമോഷൻ ആഗോള തലത്തിൽ ചർച്ചയാവുന്ന ഘട്ടത്തിലാണ് പ്രിയങ്ക അടുത്ത ഹോളിവുഡ് പ്രോജക്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. ജോൺ സീനയ്ക്കും ഇദ്രിസ് എൽബയ്ക്കും ഒപ്പം 'ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ്' എന്ന സിനിമയിലാണ് പ്രിയങ്ക സ്‌ക്രീൻ സ്പേസ് പങ്കിടാൻ പോകുന്നത്.
തന്‍റെ എജിബിഒ സ്പൈ സീരീസ് സിറ്റാഡലിന്‍റെ ആഗോള റിലീസിന് മുന്നോടിയായി നടിയുടെ നേട്ടം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 'നോബഡി' സംവിധായിക ഇല്യ നൈഷുള്ളർ ആണ് 'ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്' സംവിധാനം ചെയ്യുന്നത്. ജോഷ് അപ്പൽബോമിന്‍റെയും ആന്ദ്രേ നെമെക്കിന്‍റെയും തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.
ഹാരിസൺ ക്വറിയുടെ ആശയത്തെ അടിസ്ഥാനമാക്കി ക്വറി തന്നെ പ്രാരംഭ ഡ്രാഫ്റ്റ് തയ്യാറാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയങ്ക തന്നെയാണ് തന്‍റെ ആരാധകരോട് പുതിയ സിനിമ വിശേഷങ്ങൾ പങ്കുവച്ചത്. 'അടുത്തതിലേക്ക് നമുക്ക് പോകാം', എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക പോസ്‌റ്റിട്ടത്. 'എയർഫോഴ്‌സ് വൺ മീറ്റ്സ് മിഡ്നൈറ്റ് റൺ' എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കപ്പെടുന്നത്.
ആമസോൺ സ്റ്റുഡിയോയുടെ പ്രോജക്റ്റ് മേയ് മാസത്തിൽ ആരംഭിക്കും എന്നാണ് പ്രാഥമിക വിവരം. എന്ത് തന്നെയായാലും താരത്തിന്‍റെ പ്രഖ്യാപനം ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.
ആവേശമായി 'സിറ്റാഡൽ':അതേസമയം, 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ', 'അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം' എന്നിവയിലൂടെ പ്രശസ്‌തരായ ദി റൂസോ ബ്രദേഴ്‌സ് നിർമിച്ച തന്‍റെ വെബ് സീരീസ് 'സിറ്റാഡൽ' റിലീസിന് തയ്യാറെടുക്കുകയാണ് പ്രിയങ്ക. സിറ്റാഡൽ എന്ന ആഗോള ചാര ഏജൻസിയിൽ പെട്ട രണ്ട് എലൈറ്റ് ഏജന്‍റുമാരായ മേസൺ കെയ്ൻ (റിച്ചാർഡ് മാഡൻ), നാദിയ (പ്രിയങ്ക) എന്നിവരെ ചുറ്റിപ്പറ്റിയാണ് ആക്ഷൻ പാക്ക്‌ഡ് സീരീസ്.
'നിറയെ ആക്ഷൻ ഷോട്ടുകൾ നിറഞ്ഞതാണ് കഥ. ഈ വലിയ ആക്ഷൻ സീക്വൻസുകൾ എന്നെ ആവേശഭരിതയാക്കുന്നു. അവയിൽ നാടകീയതയും കഥപറച്ചിലും നിറഞ്ഞുനിൽക്കുന്നു. ഓരോ കഥാപാത്രങ്ങളും നമ്മളോട് എങ്ങനെ ശാരീരികമായി അലിഞ്ഞു ചേർന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. സംവദിക്കുക, മികച്ച ആക്ഷൻ സീക്വൻസുകൾ മാത്രമല്ല, അവയിൽ ഓരോന്നിലും ഹൃദയസ്‌പർശിയായ കഥകളുമുണ്ട്. ഈ അനുഭവം എനിക്ക് വളരെ രസകരവും പുതിയതുമായിരുന്നു', മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞു.
ഗാല നൈറ്റിൽ തിളങ്ങി പ്രിയങ്ക:ഫിറ്റ്‌നസിന്‍റെയും ഫാഷന്‍റെയും കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാത്ത നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയുടെ ഓരോ ലുക്കുകളും ഫാഷൻ ലോകത്ത് സെൻസേഷൻ ആവാറുണ്ട്. നിത മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ വേറിട്ട വസ്‌ത്ര ധാരണവുമായാണ് പ്രിയങ്ക എത്തിയത്.
പ്രിയങ്ക ചോപ്ര കൾച്ചറൽ സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ
പ്രിയങ്കയ്‌ക്കൊപ്പം ഭർത്താവ് നിക് ജൊനാസും പരിപാടിയിൽ എത്തിയിരുന്നു. പരിപാടിയുടെ രണ്ടാം ദിനം നടന്ന ഗാല നൈറ്റിൽ പ്രിയങ്ക 65 വർഷം പഴക്കമുള്ള സാരിയിലുള്ള വ്യത്യസ്‌ത വേഷത്തിലാണ് എത്തിയത്. വിന്‍റേജ് ബനാറസി ബ്രോക്കേഡ് സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിങ് നടത്തി നെയ്‌തെടുത്ത ഗൗൺ പരിപാടിക്ക് ഏറ്റവും അനുയോജ്യമായിരുന്നു.