ന്യൂഡൽഹി: രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്‌ട്രം സേവനത്തിലേക്ക്. രാജ്യത്ത് 5ജി സേവനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 5ജി ആദ്യം എത്തുന്നത് 13 നഗരങ്ങളിലാണ്. അഹമ്മദാബാദ്, ബെംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് 5 ജി സേവനം ലഭ്യമാക്കുക.
വരുന്ന മൂന്ന് വർഷത്തോടെ രാജ്യം മുഴുവൻ 5ജിയിലേക്ക് മാറുമെന്ന് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ ടെലികോം കമ്പനി മേധാവികൾ ചടങ്ങിൽ പങ്കെടുത്തു. റിലയൻസ് ജിയോ മേധാവി ആകാശ് അംബാനി, എയർടെൽ മേധാവി ഗോപാൽ വിറ്റൽ, വോഡാഫോൺ-ഐഡിയ മേധാവി അക്ഷയ മൂന്ദ്ര എന്നിവരുടെ സാന്നിധ്യം വേദിയിലുണ്ടായിരുന്നു. വിവിധ സേവനദാതാക്കൾ ഇന്ത്യയിലെ 5ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
ഡ്രോൺ ഉപയോഗിച്ചുള്ള കൃഷി, ഹൈ-സെക്യൂരിറ്റി റൂട്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സൈബർ ത്രെറ്റ് ഡിറ്റക്ഷൻ പ്ലാറ്റ്‌ഫോമുകൾ, ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങൾ, അംബുപോഡ് - സ്‌മാർട്ട് ആംബുലൻസ്, ഓഗ്‌മെന്‍റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി എങ്ങനെ വിദ്യാഭ്യാസത്തിനായി പ്രയോജനപ്പെടുത്താം, മലിനജല നിരീക്ഷണ സംവിധാനം, ആരോഗ്യ നിർണയം എന്നിവയാണ് പ്രധാനമന്ത്രിയുടെ മുന്നിൽ കമ്പനികൾ അവതരിപ്പിച്ചത്.
മഹാരാഷ്‌ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളിലെ വിദ്യാർഥികളുമായി മുംബൈയിലെ ഒരു സ്‌കൂളിലെ അധ്യാപകനെ ബന്ധിപ്പിച്ചാണ് 5ജിയുടെ സാധ്യതകൾ റിലയൻസ് ജിയോ പ്രദർപ്പിക്കുക. ഓഗ്‌മെന്‍റഡ് റിയാലിറ്റിയുടെ സാധ്യതകളും എആർ ഉപകരണത്തിന്‍റെ ആവശ്യമില്ലാതെ തന്നെ വിദൂരമായി രാജ്യത്തുടനീളമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി എങ്ങനെ ഇത് ഉപയോഗിക്കാമെന്നുമാണ് ജിയോ കാണിക്കുന്നത്.